രാത്രിയുടെ കറുത്ത പുതപ്പിനുള്ളിൽ മറഞ്ഞുകിടന്ന ആ വീട് വർഷങ്ങളായി ആരെയും സ്വാഗതം ചെയ്തിരുന്നില്ല. ചുമരുകൾക്കിടയിൽ കുടുങ്ങിക്കിടന്ന നിശ്വാസങ്ങളും ഇടനാഴികളിൽ അലഞ്ഞുനടന്ന ഓർമ്മകളുമായിരുന്നു അതിന്റെ ഏകാന്ത കൂട്ടുകാർ. എന്നാൽ വിധി മറ്റൊന്നായിരുന്നു എഴുതിവെച്ചിരുന്നത്.
വാക്കുകളുടെ ലോകത്ത് സ്വപ്നങ്ങൾ നെയ്തിരുന്ന ഒരു യുവസാഹിത്യകാരൻ, തന്റെ പുതിയ നോവലിന് പ്രചോദനം തേടി ആ വീട്ടിലേക്കെത്തി. അവൻ തേടിയത് ഒരു കഥയായിരുന്നു. പക്ഷേ ആ വീട് അവനായി കരുതിവെച്ചിരുന്നത് ഒരു അഗ്നിപരീക്ഷയായിരുന്നു.
നീലിമലയുടെ അടിവാരത്തുള്ള “കാദംബരി” എന്ന മണിമാളിക വിവേകിനെ ആദ്യകാഴ്ചയിൽ തന്നെ ആകർഷിച്ചു. മറവിയുടെ പൊടിപടലങ്ങൾ മൂടിയ ആ പഴയ മാളികയുടെ ചുമരുകളിൽ കാലത്തിന്റെ നിശ്വാസങ്ങൾ ഇന്നും തങ്ങിനിന്നിരുന്നു.
ആ വീട്ടിലേക്ക് താമസത്തിന് പോകരുതെന്ന് പലരും അവനെ വിലക്കി. രാത്രികളിൽ അവിടെ അപശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും, ആ വീടിന് ഒരു ദുഃഖകഥ പറയാനുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ലാത്ത വിവേക് അതൊന്നും ചെവിക്കൊണ്ടില്ല. തുച്ഛമായ വാടകയ്ക്ക് ലഭിച്ച ആ മനോഹരമായ വീട് അയാൾക്ക് നഷ്ടപ്പെടുത്താൻ തോന്നിയില്ല.
വീട്ടിൽ താമസം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ അയാൾ ആ വീടിന്റെ കഥ അറിഞ്ഞു. ഒരുകാലത്ത് സമ്പത്തും പ്രൗഢിയും നിറഞ്ഞ കുടുംബമായിരുന്നു അവിടെ താമസിച്ചിരുന്നത്. ആ കുടുംബത്തിന്റെ ഏക അവകാശി സാരംഗി എന്ന യുവതിയായിരുന്നു. സൗന്ദര്യവും ബുദ്ധിയും ഒത്തുചേർന്ന അവൾ മെഡിസിൻ വിദ്യാർത്ഥിനിയായിരുന്നു. നല്ലൊരു ഗായിക കൂടിയായിരുന്നു.
പഠനകാലത്ത് അവൾ നീരജ് എന്ന യുവാവുമായി പ്രണയത്തിലായി. അവനെ അവൾ അതിരില്ലാതെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. അവൻ പറഞ്ഞ സ്വപ്നങ്ങളിൽ അവൾ തന്റെ ഭാവി കണ്ടു.
ആദ്യമൊക്കെ എല്ലാം മനോഹരമായിരുന്നു. എന്നാൽ കാലം കടന്നുപോകുന്തോറും നീരജ് അവളിൽ നിന്ന് അകലാൻ തുടങ്ങി. അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങൾ സാരംഗിയുടെ മനസ്സിനെ തളർത്തി.
അവരുടെ പഠനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ഒരു ദിവസം ക്ഷേത്രത്തിൽ വച്ച് നീരജിന്റെ അടുത്ത സുഹൃത്തായ നിർമ്മലിനെ അവൾ കണ്ടുമുട്ടി. സംസാരത്തിനിടയിൽ നിർമ്മൽ പറഞ്ഞ ഒരു സത്യം അവളുടെ ലോകം തകർത്തുകളഞ്ഞു. കാലങ്ങളായി മറ്റൊരു യുവതിയെ സ്നേഹിച്ചിരുന്ന നീരജ്, അവളെ വിവാഹം കഴിച്ചുകഴിഞ്ഞിരുന്നു. ആ വാർത്ത കേട്ട് സാരംഗി കുറച്ചുനേരം നിശ്ചലയായി നിന്നു.
അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരൊറ്റ നിമിഷം കൊണ്ട് തകർന്നുവീണു. വീട്ടിലെത്തിയ അവൾ അമ്മയെ കെട്ടിപ്പിടിച്ചു. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണമെന്നും, എന്തുവന്നാലും തളരരുതെന്നും പലവട്ടം ഓർമ്മിപ്പിച്ചു. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയെങ്കിലും അമ്മ അതിന്റെ അർത്ഥം മനസ്സിലാക്കിയില്ല.
സ്വന്തം മുറിയിലേക്ക് മടങ്ങിയ സാരംഗി ഷെൽഫിൽ സൂക്ഷിച്ചിരുന്ന പൊട്ടാസ്യം സയനൈഡ് ഗുളിക എടുത്ത് വിഴുങ്ങി. അൽപസമയത്തിനുശേഷം അവൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതിവീണു.
മകളെ അന്വേഷിച്ചെത്തിയ അമ്മ കണ്ടത് അവളുടെ നിശ്ചലമായ ശരീരമായിരുന്നു.
ആ അമ്മയുടെ ഹൃദയം പൊട്ടുമാറുള്ള നിലവിളി ആ വീടിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. ആ ദുരന്തത്തിന് ശേഷം ബന്ധുക്കൾ അവരെ അവിടെ ഒറ്റയ്ക്ക് താമസിക്കാൻ അനുവദിച്ചില്ല. കാദംബരി ശൂന്യമായി.
പക്ഷേ നാട്ടുകാർ പറയുന്നത് രാത്രികളിൽ ഇന്നും ആ വീട്ടിൽ ആരുടെയോ കരച്ചിലും നേർത്ത ഗാനാലാപനവും കേൾക്കാമെന്നാണ്. കഥ കേട്ടപ്പോൾ വിവേകിന്റെ മനസ്സിലും ഒരു നേർത്ത ഭയം ഉടലെടുത്തു. എങ്കിലും അവൻ വീടിന്റെ ഓരോ കോണും ചുറ്റിക്കണ്ടു.
സന്ധ്യ ഇരുളിന് വഴിമാറിയപ്പോൾ മാളികയ്ക്കുള്ളിൽ അസ്വാഭാവികമായ ഒരു നിശ്ശബ്ദത പടർന്നു.
പെട്ടെന്ന് അടച്ചിട്ട ഒരു മുറിയിൽ നിന്ന് ഒരു പാട്ടിന്റെ നേർത്ത ഈണം കേട്ടു.
വിവേക് ഞെട്ടി.
ചില നിമിഷങ്ങൾക്കകം ആ ശബ്ദവും നിലച്ചു.
ആ മാളികയുടെ ചുമരുകൾക്കുള്ളിൽ കഥകൾ മാത്രമല്ല, തീരാത്ത വേദനകളും അടങ്ങിയിരിക്കുന്നുവെന്ന് അയാൾക്ക് തോന്നി. സാഹിത്യകാരനായ തനിക്ക് ഇവിടെ ഒരിക്കലും സമാധാനത്തോടെ എഴുതാൻ കഴിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. പിറ്റേന്ന് രാവിലെ കാദംബരിയെ അവസാനമായി ഒന്നു നോക്കിക്കൊണ്ട് വിവേക് അവിടെനിന്ന് മടങ്ങി.
വീണ്ടും ആ വീടിനെ വിഴുങ്ങാൻ ഏകാന്തത എത്തി.
ചുമരുകൾക്കിടയിൽ കുടുങ്ങിക്കിടന്ന നിശ്വാസങ്ങളും ഇടനാഴികളിൽ അലഞ്ഞുനടന്ന ഓർമ്മകളും മാത്രം കൂട്ടായി…
ശ്യാമള ഹരിദാസ്

