തിരുവനന്തപുരം: പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകിനെയും എൻ.പ്രശാന്തിനെയും സർവ്വീസിലേക്ക് തിരിച്ചെടുത്തു. സസ്പെൻഷൻ പിൻവലിച്ചതിന് പുറമെ, ഇരുവരെയും അവർ നേരത്തെ ചുമതല വഹിച്ചിരുന്ന അതേ സുപ്രധാന വകുപ്പുകളിൽ തന്നെ വീണ്ടും നിയമിച്ച് ഔദ്യോഗിക ഉത്തരവിറങ്ങി.
ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് ബി.അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി എൻ.പ്രശാന്ത് സസ്പെൻഷനിലായിരുന്നു. പഴയ സർക്കാരിന്റെ അച്ചടക്ക നടപടിയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പുതിയ ഭരണനേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം. പഴയ കസേരകളിലേക്ക് തന്നെ ഇവരെ മടക്കിക്കൊണ്ടുവന്നത് കഴിഞ്ഞ സർക്കാരിനുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഭരണരംഗത്തെ ഇരുവരുടെയും അനുഭവസമ്പത്തും കാര്യക്ഷമതയും ഭരണനിർവ്വഹണത്തിന് മുതൽക്കൂട്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗിന് മുന്നോടിയായി സിവിൽ സർവീസ് ബോർഡ് യോഗം ഇന്ന് ചേരും. വി.ഡി സതീശൻ സർക്കാർ ആദ്യമെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ്ങിലും വകുപ്പുകളിൽ വിമർശനം ഉണ്ടായിരുന്നു. സമഗ്ര മാറ്റത്തിന് മുന്നോടിയായിട്ടാണ് ഇന്ന് രാവിലെ പത്തരയ്ക്ക് സിവിൽ സർവീസ് ബോർഡ് യോഗം ചേരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പദവികളിലാണു ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇപ്പോഴുമുള്ളതെന്നതിനാൽ, പുതിയ സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥ രംഗം മാറ്റുകയാണു ലക്ഷ്യം.
ഐഎഎസ് അഴിച്ചുപണിക്കു പിന്നാലെ ഐപിഎസിലും മാറ്റങ്ങൾവരും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചർച്ചകളാരംഭിച്ചു. വകുപ്പുകളിൽ സെക്രട്ടറിതലം മുതൽ മാറ്റങ്ങൾ വേണമെന്ന് പല മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഈ മാസം 30-നു വിരമിക്കുമ്പോൾ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, ധനകാര്യ സെക്രട്ടറി കെ. ആർ.ജ്യോതിലാൽ എന്നിവരിലൊരാൾ ആ പദവിയിലെത്തും. സീനിയോറിറ്റിയിൽ മുന്നിൽ സിൻഹയാണെങ്കിലും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക.

