Monday, June 8, 2026
Home » ഇസ്രായേലിനു നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ഇറാൻ ഗുരുതരമായ തെറ്റാണു ചെയ്തിരിക്കുന്നത് എന്ന് ഇസ്രായേൽ.
ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം

ഇസ്രായേലിനു നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ഇറാൻ ഗുരുതരമായ തെറ്റാണു ചെയ്തിരിക്കുന്നത് എന്ന് ഇസ്രായേൽ.

by Editor

ജെറുസലേം: ഇസ്രായേലിനു നേരെ ഇറാൻ മൾട്ടി-വേവ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന് ശേഷം ഇതാദ്യമായാണ് ഇസ്രായേലിന് നേരെ ഇറാന്റെ നേരിട്ടുള്ള മിസൈൽ ആക്രമണം ഉണ്ടാകുന്നത്. വടക്കൻ ഇസ്രായേലിലെ പല പ്രദേശങ്ങളിലും ജാഗ്രതാ സൈറണുകൾ മുഴങ്ങി. ജനങ്ങളോട് ബോംബ് ഷെൽട്ടറുകൾക്ക് സമീപം തുടരാൻ ഹോം ഫ്രണ്ട് കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വടക്കൻ ഇസ്രായേലിനെ ലക്ഷ്യമാക്കി മൂന്ന് തരംഗങ്ങളിലായി ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ മിസൈലുകൾ വിജയകരമായി തടഞ്ഞു. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലൂടെ ഇറാൻ ഗുരുതരമായ തെറ്റാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ഔദ്യോഗികമായി പ്രതികരിച്ചു. തങ്ങളുടെ ഭൂപ്രദേശത്തെ ലക്ഷ്യമിട്ട് നേരിട്ട് ആക്രമണം നടത്തിക്കൊണ്ട് ഒരു പുതിയ യുദ്ധസമവാക്യം രൂപീകരിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും എന്നാൽ അതിന് ഇസ്രായേൽ അനുവദിക്കില്ലെന്നും ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ വ്യക്തമാക്കി.

ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ ലബനനിലുടനീളം സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്നും ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തങ്ങളെ ആക്രമിക്കുന്നവർ ആരായാലും അവർക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന തങ്ങളുടെ പഴയ നയം ഇസ്രായേൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഇറാഖ് 72 മണിക്കൂറത്തേക്കും സിറിയ 12 മണിക്കൂറത്തേക്കും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിലുള്ള പ്രതികാരമായാണ് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. ഇസ്രായേലിലെ ‘രാമത് ഡേവിഡ്’ (Ramat David) എയർബേസ് ലക്ഷ്യമാക്കിയാണ് തങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രസ്താവിച്ചു. ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിൻറെ വൻ വ്യോമാക്രമണം നടത്തി. തെക്കൻ ബെയ്റൂട്ടിലെ ദാഹിയ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേൽ അതിർത്തിക്ക് നേരെ ഹിസ്‌ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു. ഏപ്രിൽ പകുതിയോടെ നിലവിൽ വന്ന താൽകാലിക വെടിനിർത്തൽ കരാറിന് ശേഷം ബെയ്റൂട്ട് നഗരത്തിന് നേരെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞായറാഴ്‌ച രാവിലെ ഇസ്രയേലിന്റെ വടക്കൻ മേഖലയ്ക്ക് നേരെ രണ്ട് മിസൈലുകൾ പാഞ്ഞടുത്തിരുന്നതായും ഇവ വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചത്.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു;  കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ മിസൈലാക്രമണം; ഇറാന്റെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ച്‌ യു.എസ്

 

Send your news and Advertisements

You may also like

error: Content is protected !!