ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുഎസ് തങ്ങൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) കുവൈത്തിനും ബഹ്റൈനും നേരെ ശനിയാഴ്ച പുലർച്ചെ 7 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു വിട്ടു. ഇറാൻ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറെണ്ണവും അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. ഒരു മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് പരാജയപ്പെട്ടതായും സൈന്യം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഈ രാജ്യങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിക്കുകയും ചെയ്തു.
കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെയും ബഹ്റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണം നടത്തിയതായും നാശനഷ്‌ടങ്ങൾ വരുത്തിയതായും ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ അമേരിക്ക പൂർണമായും തള്ളി. നിലവിൽ യു.എസ് സൈന്യത്തിനോ ഉദ്യോഗസ്ഥർക്കോ യാതൊരുവിധ നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് പെന്റഗൺ വ്യക്തമാക്കി.
തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യവും അറിയിച്ചു. ആകാശത്തുണ്ടാകുന്ന ശക്തമായ സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർക്കുന്നതിൻ്റെ ഭാഗമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കുവൈറ്റ് ഭരണകൂടം അഭ്യർത്ഥിച്ചു. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യു.എസ് സൈന്യവും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുകയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തി ഇറാൻ വിക്ഷേപിച്ച നാല് അത്യാധുനിക ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയിലെ താൽകാലിക വെടിനിർത്തൽ കരാർ പൂർണമായും തകർന്ന അവസ്ഥയിലാണ്.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഗോരുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാർ സ്റ്റേഷനുകളാണ് യു.എസ് വ്യോമസേന തകർത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും സമുദ്രപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ പ്രതിരോധ നടപടിയാണിതെന്ന് യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. ഇറാൻ്റെ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണ്.
അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ; വ്യാജപ്രചാരണം നടത്തുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ്

