Saturday, June 6, 2026
Home » ഒരു സ്ത്രീ എഴുതിയ മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ.
ഒരു സ്ത്രീ എഴുതിയ മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ.

ഒരു സ്ത്രീ എഴുതിയ മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor

“കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം” ഇതായിരുന്നു കൃതിയുടെ പേര്. മലയാളത്തിലെ ആദ്യ അപസർപ്പകനോവൽ എഴുതിയ വനിത – തരവത്ത് അമ്മാളു അമ്മ.. അവരുടെ ഓർമ്മദിനമാണിന്ന്.

പാലക്കാട്ട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊടുവായൂരിനടുത്ത് തരവത്ത് വീട്ടിൽ 1873 ഏപ്രിൽ 26 -ന് ജനനം.
അച്ഛൻ, തിരൂരിൽ മുൻസിഫ് ആയിരുന്ന ചങ്ങച്ചo വീട്ടിൽ ശങ്കരൻ നായർ, അമ്മ തരവത്ത് കുമ്മിണിയമ്മ. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും പ്രാവീണ്യം നേടി. ‘ലീല (നോവൽ), ഭക്തമാല, ബുദ്ധചരിതം, ബാലബോധിനി, കോമളവല്ലി, സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം, ബുദ്ധഗാഥാ, ഒരു തീർത്ഥയാത്ര, ശ്രീങ്കരവിജയം തുടങ്ങി നിരവധി കൃതികൾ രചിച്ചു.

കൂടാതെ സംസ്കൃതത്തിൽനിന്നും തമിഴിൽനിന്നും നിരവധി കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു.

ഇവരുടെ കഴിവുകളെമാനിച്ച് കൊച്ചി മഹാരാജാവ് ഇവർക്ക് “സാഹിത്യ സഖി” ബിരുദം നൽകാൻ തീരുമാനിച്ചെങ്കിലും ആ ബഹുമതി അവർ നിരസിച്ചു. അത് രാജഭരണകാലത്താണെന്നുകൂടി നാം ഓർക്കേണ്ടതുണ്ട്. അതിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാൾ, നാടു കടത്തിയപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും അഭയംനല്‍കുകവഴി തിരുവിതാംകൂർ ചരിത്രത്തിലും ഇവർ ഇടംപിടിച്ചു.

1927 – ഏപ്രിൽ 24, 25, 26 തീയതികളിൽ തൃശൂരിൽ നടന്ന സമസ്തകേരള സാഹിത്യപരിഷത്ത് സമ്മേളനത്തിൽ
ഇവർ അദ്ധ്യക്ഷയായിരുന്നു. ഇത് പരിക്ഷത്തിൻ്റെ രണ്ടാം സമ്മേളനവും. ഇതിൽ അദ്ധ്യക്ഷതവഹിക്കുമ്പോൾ
മലയാള സാഹിത്യത്തിലെ ഇവരുടെ സ്ഥാനം നമുക്ക് ഊഹിക്കാവുന്നതിനുമപ്പുറം. അപ്പൻതമ്പുരാൻ, ഉള്ളൂർ, വള്ളത്തോൾ, സാഹിത്യപഞ്ചാനനൻ, കുറ്റിപ്പുറത്തു കേശവൻ നായർ, പുത്തേഴത്തു രാമമേനോൻ ഇവരൊക്കെ അംഗങ്ങളായ സമിതിയിൽ ….

ഓർക്കുക! 1905-ൽ പ്രസിദ്ധീകരിച്ച, അപ്പൻ തമ്പുരാൻ്റെ ഭാസ്ക്കരമേനോൻ എന്ന കൃതിയാണ് മലയാള ഭാഷയിലെ ആദ്യ അപസർപ്പക നോവൽ. 1913 – ൽ ചമ്പത്തിൽ ചിന്നമ്മുഅമ്മ എഴുതിയ “ഒരു കൊലക്കേകേസ്” എന്ന കഥയാണ് ഒരു സ്ത്രീയുടേതായി പുറത്തുവന്ന ആദ്യ അപസർപ്പക രചന. എന്നാൽ മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യ അപസർപ്പക നോവൽ എന്ന നിലയിൽ 1914 -ൽ “കമലാഭായ് അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകവും” അത് എഴുതിയ തരവത്ത് അമ്മാളുവമ്മയും സ്ഥാനം പിടിച്ചു.

വൈദ്യശാസ്ത്രത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച്, ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടംനേടിയ ഡോ. ടി.എം. നായർ, ഡപ്യൂട്ടി കളക്ടറായിരുന്ന ശങ്കരൻ നായർ എന്നിവർ അമ്മാളു അമ്മയുടെ സഹോദരങ്ങളാണ്

1936 ജൂൺ 6-ന് തരവത്ത് അമ്മാളു അമ്മ ഓർമ്മയായി..

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!