Home » ഇന്ത്യൻ ടി20 ടീമിൻ്റെ നായകനായി ശ്രേയസ് അയ്യർ; സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ടീമിൽ
ഇന്ത്യൻ ടി20 ടീമിൻ്റെ നായകനായി ശ്രേയസ് അയ്യർ; സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ടീമിൽ

ഇന്ത്യൻ ടി20 ടീമിൻ്റെ നായകനായി ശ്രേയസ് അയ്യർ; സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ടീമിൽ

by Editor

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ടി20 ടീമിനെ നയിക്കും. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. മുംബൈയിൽ മുഖ്യ സെലക്‌ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയൊരു റെക്കോർഡ് കൂടി കുറിച്ചിരിക്കുകയാണ് വൈഭവ്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ടീമിൽ ഇടംപിടിച്ചതോടെ സൂര്യവംശി പഴങ്കഥയാക്കിയത്. 16 വയസ്സും 205 ദിവസും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയപ്പോൾ 15 വയസ്സും 71 ദിവസവുമാണ് വൈഭവിൻ്റെ പ്രായം.

സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. സഞ്ജു സാംസണിനെ നായകനാക്കാൻ കോച്ച് ഗൗതം ഗംഭീർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അദേഹത്തിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയും ദീർഘകാല നായകസ്ഥാനത്തിന് അനുയോജ്യനല്ലെന്നുമുള്ള കാരണത്താൽ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഈ അഭിപ്രായത്തോട് വിയോജിക്കുകയായിരുന്നു.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിക്കൊപ്പം പ്രിൻസ് യാദവും പുതുമുഖങ്ങളായി ഇടം നേടിയിട്ടുണ്ട്. ഇരുവരും സീനിയർ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പ്രിൻസ് യാദവിന് പകരം ജസ്പ്രിത് ബുംറയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!