Home » സലിം കുമാർ അന്തരിച്ചു
സലിം കുമാർ അന്തരിച്ചു

സലിം കുമാർ അന്തരിച്ചു

by Editor

കൊച്ചി: നടൻ സലിംകുമാർ (56) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്കു മാറ്റിയിരുന്നു. സംസ്ക്‌കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ.

ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു.

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്‌ഛൻ ഇട്ട പേരാണു സലിം. സ്‌കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണു കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്‌ചാതുരികൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000-ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു. അഭിനയജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.

ചിരിപ്പിക്കാൻ മാത്രമല്ല വൈകാരിക പ്രകടനങ്ങൾ കൊണ്ട് കണ്ണുനിറയിക്കാനും സലീം കുമാറിന് സാധിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവേലും ആദാമിന്റെ മകൻ അബുവിലെ അബൂക്കയും പ്രേക്ഷകരുടെ മനസിൽ ഇന്നും നീറുന്ന ഓർമകളാണ്. കോമ‍ഡി നടനായി അന്നേവരെ വിലയിരുത്തപ്പെട്ട നടന്റെ പെട്ടെന്നുള്ള ചുവടുമാറ്റമായിരുന്നു ഈ സിനിമകൾ. അതുവരെ കണ്ടുപരിചയിച്ച സലിംകുമാറിനെയായിരുന്നില്ല ഈ സിനിമകളിൽ നാം കണ്ടിരുന്നത്. ചിരിച്ചും ചിന്തിപ്പിച്ചും സലിം കുമാറിന്റെ യാത്രയായിരുന്നു പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നത്.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥ‌ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായി. അച്‌ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥ‌ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്‌ഥാന പുരസ്ക‌ാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്‌ഥാന പുരസ്‌കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് കരസ്‌ഥമാക്കി.

സുനിതയാണ് ഭാര്യ. 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടിൽ നിന്ന് തന്റെ ആദ്യ ചിത്രമായ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് സലിംകുമാർ പറഞ്ഞിട്ടുണ്ട്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

Send your news and Advertisements

You may also like

error: Content is protected !!