ടെഹ്റാൻ: ഹോര്‍മുസിൽ അമേരിക്കൽ പടക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ ഇറാന്റെ വാണിജ്യ-എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കും, യുഎസ് ഏർപ്പെടുത്തിയ തുറമുഖ ഉപരോധങ്ങൾക്കും ഉള്ള ശക്തമായ തിരിച്ചടിയാണിതെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും വെച്ച് തങ്ങളുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പൽ (ഡെസ്ട്രോയർ) മിസൈൽ ഉപയോഗിച്ച് വിജയകരമായി ആക്രമിച്ചെന്ന ഇറാന്‍റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പൂർണ്ണമായും തള്ളി. ഇറാൻ നാവികസേന പച്ചക്കള്ളവും വ്യാജപ്രചാരണവുമാണ് നടത്തുന്നതെന്നും അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കടലിലുള്ള അമേരിക്കൻ സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസങ്ങളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.
ഈ ആക്രമണത്തിന് പുറമെ ബഹ്റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെയും കുവൈറ്റിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രസ്താവിച്ചിരുന്നു. ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായും, എന്നാൽ ഇറാന്റെ ആക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചിരുന്നു. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ കടുത്ത യുദ്ധഭീതി ഉയർത്തുന്നതിനിടയിലാണ് പരസ്പരവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്.
യുഎസ്-ഇറാൻ യുദ്ധത്തിൽ നിലവിൽ അതീവ സങ്കീർണ്ണവും സംഘർഷഭരിതവുമായ ഒരു ‘താത്കാലിക വെടിനിർത്തൽ’ സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച പൂർണ്ണതോതിലുള്ള യുദ്ധത്തിന് ശേഷം ഏപ്രിൽ ആദ്യവാരം മുതൽ ഒരു താത്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്നും തുടരുകയാണ്.
കഴിഞ്ഞ ദിവസം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹ്റൈനിലെയും കുവൈറ്റിലെയും തങ്ങളുടെ സൈനിക താവളങ്ങൾക്ക് നേരെ വന്ന ഇറാന്റെ നിരവധി മിസൈലുകളും ഡ്രോണുകളും യുഎസ് സൈന്യം വെടിവെച്ചിട്ടു. കൂടാതെ ഇറാന്റെ ഖേഷ്മ് ഐലൻഡിലെ (Qeshm Island) സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സ്വയംപ്രതിരോധ ആക്രമണങ്ങളും നടത്തി.
ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ശക്തമായ ഉപരോധം തുടരുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ചാലായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചിട്ടിരിക്കുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി നശിപ്പിക്കണമെന്ന യുഎസിന്റെ ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി നീക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ലെബനനിലെ യുദ്ധം പൂർണ്ണമായി അവസാനിച്ചാൽ മാത്രമേ തങ്ങൾ യുഎസുമായുള്ള സമാധാന കരാറിൽ ഒപ്പുവെക്കൂ എന്ന നിലപാടിലാണ് ഇറാൻ.
കുവൈറ്റിന് നേരെ ഇറാന്റെ ആക്രമണം; നയതന്ത്രജ്ഞരെ പുറത്താക്കി; അപലപിച്ച് ഇന്ത്യ

