ബംഗളൂരു: ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ സന്നിഹിതരായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശപ്രകാരം സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്നാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്.
കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവും സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. അംബേദ്‌കറുടെ പേരിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ, കൂടാതെ സതീഷ് ജാർക്കിഹോളി, ശിവരാജ് തംഗദാഗി, രാമലിംഗ റെഡ്ഡി, ഈശ്വർ ഖണ്ഡെ, കൃഷ്‌ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരൺ, പ്രകാശ് പാട്ടീൽ, എം.ബി പാട്ടീൽ, കെ.എച്ച് മുനിയപ്പ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത്.

