കൊൽക്കൊത്ത: ബംഗാളിലെ ഭൂരിപക്ഷം തൃണമൂൽ കോൺഗ്രസ് എംഎൽഎമാരും മമത ബാനർജിയെ കൈവിട്ടു. 80 ടിഎംസി എംഎൽഎമാരിൽ 59 പേരും വിമത പക്ഷത്ത് ചേക്കേറി. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി എംഎൽഎയെ പ്രതിപക്ഷ നേതാവായി സ്‌പീക്കർ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവാകാൻ 59 എംഎൽഎമാരുടെ കത്തുമായി ഋതബ്രത ബാനർജി സ്‌പീക്കർ രവിന്ദ്രനാഥ് ബോസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് മമത വിഭാഗത്തെ ഒഴിവാക്കി ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്.
മമത ബാനര്‍ജി പ്രതിപക്ഷ സ്ഥാനത്തേക്ക് മറ്റൊരു നേതാവിന്റെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, വലിയൊരു വിഭാഗം എംഎല്‍എമാരുടെ പിന്തുണയുള്ള വിമത പക്ഷത്തിന്റെ നേതാവിനെ സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. നേരത്തെ, ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി നിർദേശിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണം ഉയർന്നതോടെ ഈ നിർദേശം സ്വീകരിക്കപ്പെട്ടില്ല.
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശ വാദവുമായി വിമതർ രംഗത്തെത്തിയത് മമതയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം (58 പേർ) അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണ ഇവർക്കുണ്ട്. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതർ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഏറി.
ബംഗാൾ രാഷ്ട്രീയത്തിൽ മമത ബാനർജിയുടെ സ്വാധീനം കുറയുന്നതിൻ്റെ സൂചനകളാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ മമത ബാനർജി നിയമസഭയിൽ ഉണ്ടാകില്ല. അവരുടെ ഉറച്ച മണ്ഡലമായിരുന്ന ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. നിലവിൽ വെറും എട്ട് എംഎൽഎമാർ മാത്രമാണ് മമതയ്ക്കെക്കൊപ്പം ഉള്ളത്. കഴിഞ്ഞ ദിവസം ബംഗാൾ സർക്കാരിനെതിരെ മമത നടത്തിയ പ്രതിഷേധ പരിപാടിയിൽ ഈ എട്ട് തൃണമൂൽ എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.

