ന്യൂ ഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്തേകിക്കൊണ്ട് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 (S-400) മിസൈല്‍ സ്‌ക്വാഡ്രന്‍ ഇന്ത്യയിൽ എത്തി. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ‘സുദര്‍ശന്‍ വ്യോമ പ്രതിരോധ സംവിധാനം’ എന്ന് വിളിക്കപ്പെടുന്ന ഈ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമുദ്രമാര്‍ഗ്ഗമാണ് ഇന്ത്യയിലെത്തിയത്. ഇത് ഉടന്‍ തന്നെ തന്ത്രപ്രധാനമായ സൈനിക മേഖലയില്‍ വിന്യസിക്കും.
2018-ൽ റഷ്യയുമായി ഒപ്പിട്ട കരാറിൻ്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കേണ്ട അഞ്ച് സ്‌ക്വാഡ്രനുകളിൽ നാലാമത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിനകം ലഭിച്ച മൂന്ന് എസ്-400 സ്‌ക്വാഡ്രനുകൾ ഇന്ത്യൻ സായുധ സേന രാജ്യത്തിൻ്റെ അതിർത്തി മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ തടസ്സങ്ങളാണ് ബാക്കിയുള്ള രണ്ട് സ്ക്വാഡ്രനുകളുടെ വിതരരണം വൈകിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചാമത്തെയും അവസാനത്തെയും എസ്-400 സ്‌ക്വാഡ്രന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, അഞ്ച് എസ്-400 സ്‌ക്വാഡ്രനുകള്‍ കൂടി വാങ്ങുന്നതിനുള്ള അനുമതി പ്രതിരോധ സംഭരണ കൗണ്‍സില്‍ ഇതിനകം നല്‍കിയിട്ടുണ്ട്.
400 കിലോമീറ്റര്‍ വരെ സ്‌ട്രൈക്ക് റേഞ്ചുള്ള റഷ്യയുടെ എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സുരക്ഷാ കവചമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ പ്രത്യാക്രമണ ശേഷിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂരില്‍’ സുദര്‍ശന്‍ വലിയ പങ്കുവഹിച്ചു. 300 കിലോമീറ്ററിലധികം അകലെ പറക്കുകയായിരുന്ന പാക്കിസ്ഥാന്‍ വ്യോമസേനയുടെ അത്യാധുനിക നിരീക്ഷണ വിമാനത്തെ വരെ എസ്-400 ഉപയോഗിച്ച് ഇന്ത്യ തകർത്തിരുന്നു. ഒരേസമയം ഒന്നിലധികം ആകാശ ഭീഷണികളെ ട്രാക്ക് ചെയ്യാനും തകര്‍ക്കാനും ശേഷിയുള്ള റഷ്യയുടെ ഏറ്റവും അത്യാധുനിക പ്രതിരോധ സംവിധാനമാണിത്.
റഷ്യന്‍ സംവിധാനത്തിന് സമാനമായ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി ‘പ്രൊജക്റ്റ് കുശ’ എന്ന പേരില്‍ ഇന്ത്യ തദ്ദേശീയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ പ്രമുഖ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് ആണ് ഇതിന്റെ നിര്‍മ്മാണ പങ്കാളി. ഇന്ത്യ ഇപ്പോൾ റഷ്യയിൽ നിന്ന് വാങ്ങുന്ന എസ്-400 സംവിധാനത്തിന് സമാനമായ പ്രഹരശേഷി (400 കി.മീ) പ്രൊജക്റ്റ് കുശയ്ക്കും ഉണ്ടായിരിക്കും. എന്നാൽ എസ്-400 വിദേശ സാങ്കേതികവിദ്യയാണെങ്കിൽ, പ്രൊജക്റ്റ് കുശ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്നതായതുകൊണ്ട് ഭാവിയിലെ അപ്‌ഗ്രേഡുകൾക്കും അറ്റകുറ്റപ്പണികൾക്കും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. കൂടാതെ ഇതിന്റെ സാങ്കേതിക ചിലവ് എസ്-400 നേക്കാൾ വളരെ കുറവായിരിക്കും. DRDO അടുത്തിടെ ഈ സംവിധാനത്തിന്റെ ആദ്യഘട്ട വികസന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ ആദ്യ ഘട്ട മിസൈലിന്റെ ഫ്ലൈറ്റ് ടെസ്റ്റുകൾ നടന്നു വരികയാണ്.
‘ആറ് പാക് വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ വെടിവെച്ചിട്ടു’; സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

