Thursday, June 4, 2026
Home » ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ വൻ ലഹരി വേട്ട, 104 കേസുകൾ, 137 പേർ അറസ്റ്റിൽ.
ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ വൻ ലഹരി വേട്ട, 104 കേസുകൾ, 137 പേർ അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ വൻ ലഹരി വേട്ട, 104 കേസുകൾ, 137 പേർ അറസ്റ്റിൽ.

by Editor

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan: The Narco Hunt) എന്ന ശക്തമായ ലഹരിവിരുദ്ധ റെയ്ഡിന്റെ ആദ്യ ദിനത്തിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി വൻ തോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്.

രാസലഹരി കടത്തുന്ന സംഘങ്ങൾക്കൊപ്പം കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്‌തുക്കൾ വിതരണം ചെയ്യുന്ന പ്രാദേശിക കണ്ണികളും പൊലീസിന്റെ വലയിലായിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി വിപണനത്തിന് പിന്നിലെ പ്രധാന വിതരണക്കാരെയും അവരുടെ സാമ്പത്തിക ഇടപാടുകളെയും കണ്ടെത്തുകയാണ് പൊലീസിൻ്റെ പ്രാഥമിക ലക്ഷ്യം. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപന തടയുന്നതിനായി ക്യാമ്പസ് പരിസരങ്ങളിൽ പ്രത്യേക പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

അന്വേഷണത്തിൻ്റെ ഭാഗമായി അന്തർ സംസ്ഥാന മയക്ക് മരുന്ന് കടത്തിൻ്റെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാൻ ഓരോ പൊലീസ് സബ് ഡിവിഷനിലും നാല് പ്രത്യേക ടീമുകളെ വീതം നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ചേർന്ന് വരും ദിവസങ്ങളിൽ സംയുക്ത പരിശോധനകൾ തുടരും.

വിദേശത്ത് നിന്നും വിമാനത്താവളങ്ങൾ വഴിയുള്ള സിന്തറ്റിക് ഡ്രഗ്‌സ് കടത്ത് തടയാൻ ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകളും അറസ്റ്റുകളും തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി (DGP) റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

സംസ്ഥാനത്തെ ലഹരി ഉപയോഗവും പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പടരുന്ന സിന്തറ്റിക് മയക്കുമരുന്നുകളുടെ വിതരണവും വേരോടെ പിഴുതെറിയുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ലഹരി ഇടപാടുകളിലൂടെ മാഫിയ സംഘങ്ങൾ സമ്പാദിച്ച സ്വത്തുക്കളും ആസ്തികളും കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കും.

മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്”; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.

Send your news and Advertisements

You may also like

error: Content is protected !!