കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിൽ. കുവൈത്തിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ നടപടികളിലേക്ക് കടന്നു.
കുവൈറ്റിലെ ഇറാനിയൻ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പെർസോണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചു. എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും തീരുമാനമായിട്ടുണ്ട്. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ, ഇറാന്റെ ചാർജ് ഡി അഫയേഴ്സ് ഹാമിദ് ഹമീദ് യാഖൂബി ഫാറിനെ അടിയന്തരമായി വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുവൈറ്റ് മുന്നറിയിപ്പ് നൽകി.
കുവൈറ്റ് വ്യോമ പരിധിയിലേക്ക് ഇറാൻ തൊടുത്തുവിട്ട 30 ബാലസിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാൻ കുവൈറ്റ് സൈന്യത്തിന് സാധിച്ചെങ്കിലും, ഇവയുടെ അവശിഷ്‌ടങ്ങൾ ജനവാസ കേന്ദ്രങ്ങളിലും വിമാനത്താവള പരിസരത്തും പതിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. യാത്രാ ടെർമിനലിന് നേരെയുണ്ടായ ആക്രമണത്തിൽ എയർപോർട്ടിലെ കരാർ സ്ഥാപനത്തിലെ ജീവനക്കാരനായ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. മൂന്ന് മലയാളികൾ ഉൾപ്പടെ 12 ഇന്ത്യക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലെ ഖഷാം ദ്വീപിലുള്ള ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാൻ്റെ ആക്രമണം. തങ്ങൾക്കെതിരായ സൈനിക നടപടികൾക്ക് അമേരിക്കയ്ക്ക് മണ്ണും വ്യോമപാതയും ഒരുക്കി നൽകിയത് കുവൈറ്റും ബഹ്റിനുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയ കുവൈറ്റ് തങ്ങളുടെ ഭൂപ്രദേശങ്ങൾ മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
അപലപിച്ച് ഇന്ത്യ
ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നിരപരാധിയായ ഒരു ഇന്ത്യൻ പൗരന്റെ മരണത്തിനും മറ്റ് നിരവധി ആളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ കുവൈറ്റ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായി അപലപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി വഴി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ കുവൈറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങൾ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജി.സി.സി (GCC) കൂട്ടായ്മയും ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും കുവൈത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

