Thursday, June 4, 2026
Home » തമിഴ് നടൻ ജയശങ്കർ ഓർമ്മ
തമിഴ് നടൻ ജയശങ്കർ ഓർമ്മ

തമിഴ് നടൻ ജയശങ്കർ ഓർമ്മ

ആർ. ഗോപാലകൃഷ്ണൻ

by Editor

‘തമിഴ് സിനിമയുടെ ജെയിംസ് ബോണ്ട്’ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. ‘വെള്ളിയാഴ്ച സ്റ്റാർ’ എന്നും ‘വട്ട‘പ്പേരുണ്ട്! കാരണം, എല്ലാ വെള്ളിയാഴ്ചയും അദ്ദേഹത്തിൻറെ ഒരു സിനിമയെങ്കിലും റിലീസ്സ് ചെയ്യാറുണ്ടായിരുന്നു! ‘മക്കള്‍ കലൈഞ്ജര്‍ ജയശങ്കർ‘ (‘ജനകീയ കലാകാരന്‍ ജയശങ്കർ’) എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു; ഇതിനെല്ലാം ‘മക്കൾ തമിഴൻ‘ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്നു. തമിഴ് മക്കൾക്ക് പേരിനാണോ ക്ഷാമം!

1938 ജൂലൈ 12-ന് തിരുനൽവേലിയിൽ ജനിച്ചു. സുബ്രഹ്മണ്യം ശങ്കർ എന്നായിരുന്നു പേര്. അച്ഛൻ മജിസ്ട്രേറ്റ് ആയിരുന്നു. പി. എസ് ഹൈസ്കൂൾ, ചെന്നൈയിലെ ന്യൂ കോളജ് എന്നിവിടങ്ങളിൽ ആണ് ജയശങ്കർ പഠിച്ചത്. ബിരുദാനന്തര ബിരുദത്തിന് തുല്യമായ ഓണോഴ്സ് ബിരുദം നേടി. അദ്ദേഹം നിയമം പഠിക്കുവാൻ ചേർന്നുവെങ്കിലും നാടകത്തിലും മറ്റ് കലകളിലുമുള്ള താല്പര്യങ്ങൾ കാരണം ഒരു വർഷത്തിനു ശേഷം അത് ഉപേക്ഷിച്ചു.

നിയമപഠനം ഉപേക്ഷിച്ച അദ്ദേഹം ‘ചോ‘യുടെ (രാമസ്വാമിയുടെ) ‘വിവേക ഫൈൻ ആർട്ട്സിൽ’ ചേർന്നു. അവിടെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു മടുത്തപ്പോൾ, ഒടുവിൽ കൂത്താപിരൻ്റെ ‘കൽക്കി ഫൈൻ ആർട്സ്‘ൽ ചേർന്നു, അവിടെ കൽക്കിയുടെ ‘അമരതാര‘ എന്ന നാടകത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത, 1965-ൽ ഇറങ്ങിയ, ‘ഇരവും പകലും‘ എന്ന ചിത്രത്തിലൂടെയാണ് ജയശങ്കർ അരങ്ങേറ്റം കുറിച്ചത്; ഈ ചിത്രം ഒരു വാണിജ്യ വിജയമായി.

അറുപതുകളിലും എഴുപതുകളുടെ ആദ്യപാദത്തിലും എം ജി ആർ ചിത്രങ്ങൾ പുറത്ത് വരുന്ന ദിവസം മറ്റുള്ള നടന്മാരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ ശങ്കിച്ചിരുന്നത്രെ… ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുമോ എന്ന ഭയമായിരിക്കും. എന്നാൽ, 1965-ൽ ജനുവരി 14, പൊങ്കൽ ദിനത്തിൽ, എം.ജി. ആറിന്റെ ‘എങ്ക വീട്ടു പിള്ള’യോടും ശിവാജി ഗണേശന്റെ ‘പഴനി’യോടും ഒപ്പം ജയശങ്കറിന്റെ കന്നിചിത്രം (‘ഇരവും പകലും‘) റിലീസ് ചെയ്തു. പ്രദശർശന വിജയം വരിക്കുകയും ചെയ്തു. അങ്ങനെ, 1965-ൽ സൂപ്പർ ഹിറ്റായ എം ജി ആർ ചിത്രമായ ‘എങ്ക വീട്ടു പിള്ള‘ യോടൊപ്പം വൻ വിജയമാക്കിയാണ് സുബ്രഹ്മണ്യൻ ശങ്കർ എന്ന ജയശങ്കർ രംഗത്ത് വരുന്നത്.

പിന്നീട് അഞ്ചു കൊല്ലം ഒറ്റ ചിത്രം പോലും പരാജയപ്പെടാതെ നിർമ്മാതാക്കൾക്ക് ഏറെ പ്രിയങ്കരനായി മാറി. ആദ്യ ചിത്രത്തിന്റെ വിജയത്തെ തുടർന്നു അദ്ദേഹം ‘എങ്ങ വീട്ടു പെൺ‘ (1965), ‘പഞ്ചവർണ്ണ കിളി‘ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു, ‘പഞ്ചവർണ്ണ കിളി‘യിൽ അദ്ദേഹം ഇരട്ട വേഷത്തിൽ അഭിനയിച്ചു, രണ്ട് ചിത്രങ്ങളും വാണിജ്യ വിജയമായി. തമിഴിലുള്ള കുട്ടികളുടെ ചിത്രമായ ‘കുഴന്തെയും ദൈവവും’ (1965) (എ വി‌ എം പ്രൊഡക്ഷൻസ് നിർമ്മിച്ച കൃഷ്ണൻ-പഞ്ജു സംവിധാനം ചെയ്തത്; ഡിസ്നിയുടെ ‘ദി പാരന്റ് ട്രാപ്പി’ന്റെ അഡാപ്റ്റേഷൻ) എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ, ശേഖറിനെ, അദ്ദേഹം അവതരിപ്പിച്ചു; ഇതും വൻവാണിജ്യ വിജയമായിരുന്നു; തമിഴിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും ഇത് നേടി. അങ്ങനെ വിജയചിത്രങ്ങളിലൂടെയുള്ള വരവിലൂടെ ജയശങ്കർ പിടിച്ചുനിന്നു. തമിഴ് ഫാന്റസി ചിത്രമായ ‘പട്ടണത്തിൽ ഭൂതം‘ (1967) എന്ന ചിത്രത്തിൽ കെ.ആർ. വിജയയോടൊപ്പം നായക വേഷത്തിൽ ജയശങ്കറിന് നല്ല പ്രസിദ്ധി കിട്ടി. (അമേരിക്കൻ സിനിമയായ ‘ബ്രാസ് ബോട്ടിൽ‘ എന്നതിന്റെ റീമേയ്ക്കാണിത്. – 2009-ൽ മലയാളത്തിൽ വന്ന മമ്മൂട്ടിയുടെ കോമഡി ചിത്രം -‘ഈ പട്ടണത്തിൽ ഭൂതം‘ ആണെന്ന് ഓർക്കുക.)

എന്നാൽ അന്ന് തമിഴ് സിനിമാലോകം അടക്കി വാണിരുന്നത്, എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ എന്നിവർ. അരുടെ അധീനതയിലുള്ള ഒരു കാലഘട്ടത്തിനിടയിൽ ജയശങ്കർ, പാശ്ചാത്യ കഥാപാത്രങ്ങളുടെ ചിത്രീകരണങ്ങളിലൂടെ സ്വന്തം സ്ഥാനം സൃഷ്ടിച്ചു എന്നതാണ് വാസ്തവം. ജെയിംസ് ബോണ്ട് സ്റ്റൈൽ ‘CID ശങ്കർ‘ റോളുകൾ കൈകാര്യം ചെയ്തു; ‘വള്ളവൻ ഒരുവൻ‘, ‘സി ഐ ഡി ശങ്കർ‘ തുടങ്ങിയ വിജയചിത്രങ്ങളിലെ വേഷങ്ങളാണ് അദ്ദേഹത്തിന് ഈ സി ഐ ഡി പരിവേഷം നൽകിയത്.

‘മാനവാനിൽ‘ (1970), ദാരിദ്ര്യ സാഹചര്യ ത്തിൽ നിന്ന് ജില്ലാ ഭരണാധികാരിയായ ഒരു ചെറുപ്പക്കാരനായി അഭിനയിച്ചു,; ‘മാനവൻ‘ വാണിജ്യ വിജയമായി. 1970-കളിൽ അദ്ദേഹം ‘പെൺ ദൈവം‘ എന്ന കുടുബ ചിത്രവും ‘വീട്ടുക്കു വീട്‘ എന്ന ഹാസ്യചിത്രവും അഭിനയിച്ചു. (‘തിക്കു തെറിയതാ വീട്ടിൽ’ എന്ന നാടകത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം; 2001-ൽ വിശ്വനാഥൻ രാമമൂർത്തി ഇതിനെ അടിസ്ഥാമാക്കി മറ്റരു ചിത്രവും എടുത്തു.) ആസ്പദമാക്കി.കെ ബാലചന്ദറിൻറെ ‘നൊതുക്കു നൂറു‘വിൽ അധ്യാപകനുള്ള വേഷം അദ്ദേഹത്തിനുണ്ടായിരുന്നു; എടുത്തു പറയേണ്ട ഒരു റോൾ ആണിത്.

1980-ന് ശേഷം, രജനികാന്ത്, കമൽ ഹസ്സൻ, വിജയകാന്ത്, സത്യരാജ്, ത്യാഗരാജൻ, മോഹൻ, പ്രഭു, അർജുൻ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ജയശങ്കർ അഭിനയിച്ചു; വില്ലനായും ക്യാരക്ടർ റോളിലും… സുമുഖനായ ഈ നടൻ അവസാനകാലത്ത് ചില വില്ലൻ വേഷങ്ങളും ചെയ്യുകയുണ്ടായപ്പോൾ തമിഴിലെ വില്ലൻ സങ്കല്പം തന്നെ മാറിമറിഞ്ഞു. രജനികാന്തിനൊപ്പം പതിനഞ്ച് ചിത്രങ്ങളിൽ അഭിനയിച്ച ജയശങ്കർ കമൽ ഹസ്സനൊപ്പം ഒമ്പത് ചിത്രങ്ങളിൽ വന്നു.

അദ്ദേഹം മലയാളത്തിൽ എടുത്തു പറയാവുന്ന റോളുകൾ ചെയ്തിട്ടില്ല; ‘കടത്തനാടൻ അമ്പാടി‘ (പ്രിയദർശൻ-1990); ‘പ്രേമാഭിഷേകം’ (ആർ. കൃഷ്ണമൂർത്തി -1982); ‘ഭൂകമ്പം‘ (ജോഷി -1982); ‘സ്നേഹബന്ധം‘ (വിജയൻ-1983) എന്നിവയാണ് ജയശങ്കർ അഭിനയിച്ച മലയാള സിനിമകൾ. ഇതിൽ ‘കടത്തനാടൻ അമ്പാടി’; ‘ഭൂകമ്പം’ എന്നീ ചിത്രങ്ങളിൽ മാത്രമേ യഥാർത്ഥത്തിൽ ജയശങ്കർ ‘മലയാളത്തിൽ’ അഭിനയിച്ചിട്ടുള്ളു. ബാക്കിയുള്ളത് തമിഴിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ചിത്രങ്ങൾ മാത്രമാണ്.

യാർ നീ, നീലഗിരി എക്സ്പ്രസ്സ്‌ (കൊച്ചിൻ എക്സ്പ്രസ്സ്‌) ഉയിരാ മാനമാ, പട്ടണത്തിൽ ഭൂതം, വൈരം തുടങ്ങിയവ ജയശങ്കറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്.

യാതൊരു പരസ്യമോ പ്രചാരണമോമില്ലാതെ തന്നെ, ദരിദ്രരെ സഹായിച്ചതിനാൽ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിലും അദ്ദേഹം ഓർമ്മിക്കപ്പെടെണ്ടാതാണ്. (ഇപ്പോഴും ഓരോ വർഷവും അദ്ദേഹത്തിന്റെ മകൻ ഡോ. വിജയ് ശങ്കർ, പിതാവിന്റെ ജന്മദിനത്തിൽ 15 സൗജന്യ നേത്ര ശസ്ത്രക്രിയകൾ നടത്തി വരുന്നു.)

ജയശങ്കറിന്റെ ഭാര്യ ഗീത. 1961-ൽ ആയിരുന്നു ഇവരുടെ വിവാഹം. സംഗീത എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. 2000 ജൂൺ 3-ന് ചെന്നൈയിൽ വച്ച്, 61-ാം വയസ്സിൽ, ജയശങ്കർ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഓർമ്മപ്പൂക്കൾ..!

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!