മലയാളം ടി.വി. കണ്ട് തുടങ്ങിയ കാലം മുതല്‍ ദൂരദര്‍ശനിനിലും പിന്നീട് ‘ഏഷ്യാനെറ്റി’ലും (‘പൂമരക്കൊമ്പ്’ etc.) കണ്ടും കേട്ടും തുടങ്ങിയ ചില മുഖങ്ങളും ശബ്ദവുങ്ങളും ഉണ്ട്. അതിലൊന്നാണ്, കല്ലറ ഗോപൻ്റെതും. ഇന്ന് സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കല്ലറ ഗോപന്‍.
സുഭാഷിതന്‍ നായരുടെയും തങ്കമണി അമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് ‘കല്ലറ’യിൽ, 1962 ജൂൺ 3-ന് ജനിച്ചു. യഥാർത്ഥ നാമം: ടി. എസ്. ഗോപകുമാർ.
സ്‌ക്കൂള്‍ പഠനത്തിനശേഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടി. അതിനു ശേഷമാണ് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പഠിച്ചത്.
തുടർന്ന്, പ്രൊഫഷണല്‍ ഗാനമേളകളിലും പ്രൊഫഷണല്‍ നാടകങ്ങളിലും പാടി തുടങ്ങി. 1979-ൽ ‘സംഘശക്തി’ എന്ന നാടകട്രൂപ്പിന്റെ ഭാഗമായി പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വന്നു.
1987-ല്‍ പുറത്തിറങ്ങിയ ‘ഓര്‍മ്മയില്‍ ഒരു മണിനാദം’ എന്ന ചിത്രത്തിലെ “ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത…” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സംഗീത കേളേജില്‍ സഹപാഠിയായിരുന്ന, കൈതപ്രം വിശ്വനാഥനുമായുള്ള ബന്ധം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ പരിചയപെടാനുള്ള അവസരമൊരുക്കി. ഈ പരിചയം ഗോപന് ചലച്ചിത്ര രംഗത്ത് നിരവധി അവസരങ്ങള്‍ നല്‍കി.
“കതിവന്നൂര്‍ വീരന്‍…” കല്ലറ ഗോപൻ & ശ്രീജ:
ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ (1997) എന്ന ചിത്രത്തില്‍ ആലപിച്ച “കതിവന്നൂര്‍ വീരന്‍…” എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശ്‌സതനാവുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകരായ ദേവരാജൻ, ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍ എന്നിവരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിചയം സംഗീത സംവിധായകനായി തുടക്കം കുറിക്കാനും ഗോപന് സഹായകമായി.
ഇന്റർനെറ്റ് ബ്ലോഗിൽ സജീവമായിരുന്ന ഗോപൻ, കവയത്രിയും ബ്ളോഗറുമായ ശ്രീജ ബലരാജിന്റെ കവിതകൾ സംഗീതം ചെയ്ത് “ഋതുഭംഗി” എന്ന ആൽബമായി പുറത്തിറക്കിയിരുന്നു.
2018-ല്‍ ‘വാക്ക്’, ‘കിണര്‍’ എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വ്വഹിച്ചു.
നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി: ഗോപൻ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യം (1994, 1998, 2001, 2007, 2012, 2014, 2018) കരസ്ഥമാക്കി. ഇന്നിതാ എട്ടാം തവണയും അവാർഡ് (2023) ലഭിച്ചിരിക്കുന്നു. ലളിതഗാന ശാഖക്കുള്ള സമഗ്ര സംഭാവനകൾക്കായി കേരളം സംഗീത നാടക അക്കാദമിയുടെ അവാർഡ് (2000); കൂടാതെ മികച്ച സംഗീത സംവിധായകൻ – കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും (2017) നേടിയിരുന്നു. കഴിഞ്ഞ വർഷം (2023) ഇതേ ദിനം പ്രഖ്യാപിച്ച സംഗീത നാടക അക്കാദമി നാടക പുരസ്കാരങ്ങളിൽ ഗായകൻ കല്ലറ ഗോപനാണ് അർഹനായത്, “അപരാജിതൻ” നാടകത്തിലെ ഗാനത്തിന്. എട്ടാം തവണയാണിത് നാടക ഗായക പുരസ്കാരം ലഭിക്കുന്നത്.
ഗായികയായ ഷർമിളയാണ് ഭാര്യ. മഹാദേവൻ, നാരായണി എന്നിവരാണ് മക്കൾ. നാരായണിയും ഗായികയാണ്.
ആർ. ഗോപാലകൃഷ്ണൻ

