Wednesday, June 3, 2026
Home » കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

by Editor

കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് വിമാനത്താവളത്തിലെ പ്രധാന പാസഞ്ചർ ടെർമിനലായ ടെർമിനൽ-1 (T1) കെട്ടിടത്തെ ലക്ഷ്യമിട്ട്  ഇറാൻ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ ടെർമിനൽ 1 കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്‌ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു. സാഹചര്യങ്ങൾ സായുധ സേന നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജമാണെന്നും അൽ-ഒതൈബി പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കുവൈറ്റിലേക്കുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതായും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളം പെട്ടെന്ന് അടച്ചതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ യാത്രാ തടസ്സം നേരിട്ട് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.

നേരത്തേ ഇറാൻ്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി1 ടെർമിനൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിനാണ് പ്രവർത്തനം പുനരാരംഭിച്ചത്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച്‌ ഐആർജിസി

Send your news and Advertisements

You may also like

error: Content is protected !!