Tuesday, June 2, 2026
Home » ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച്‌ ഐആർജിസി
ഹോർമുസ് കടലിടുക്ക് ഇറാൻ

ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച്‌ ഐആർജിസി

by Editor

ടെഹ്റാൻ: ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാർ നിയന്ത്രിത കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി അമേരിക്കൻ വ്യോമാക്രമണം. അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് മറുപടിയായി, തങ്ങൾ അമേരിക്കൻ വ്യോമതാവളത്തിന് നേരെ തിരിച്ചടി നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഈ സൈനിക നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.

ഇറാനിലെ ഗോരുക് നഗരത്തിലും ഖെശാം ദ്വീപിലുമുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തിയത്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, രണ്ട് ഡ്രോണുകൾ എന്നിവ തകർക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു. തങ്ങളുടെ യുദ്ധക്കപ്പലുകൾക്കും പ്രദേശത്തെ സുരക്ഷക്കും ഭീഷണിയായ ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇറാൻ്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളെന്നും തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും അമേരിക്കൻ സേന എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്രപരിധിയിലൂടെ പറക്കുകയായിരുന്ന യു.എസിന്റെ MQ-1 പ്രിഡേറ്റർ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാൽ ഡ്രോൺ തങ്ങളുടെ സമുദ്ര അതിർത്തി ലംഘിച്ചതിനാലാണ് നടപടിയെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ്(ഐആർജിസി) വ്യക്തമാക്കി. ഇറാൻ്റെ സമുദ്ര അതിർത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോൺ ഉടൻ തന്നെ റെവല്യൂഷണറി ഗാർഡിൻ്റെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നുവെന്ന് ഐആർജിസി അറിയിച്ചു.

തങ്ങൾക്കെതിരായ ആക്രമണം തൊടുത്തുവിട്ട മിഡിൽ ഈസ്റ്റിലെ (കുവൈറ്റിലുള്ള) അമേരിക്കൻ വ്യോമതാവളത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടി നൽകിയതായി ഐആർജിസി പ്രഖ്യാപിച്ചു. കുവൈറ്റ് തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവ തടഞ്ഞതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ കടന്നുകയറ്റങ്ങൾ ഇനിയും തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ മാരകമായ രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന കരാറിൻ്റെ കരടിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ ഭേദഗതികൾ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ നീക്കുന്നതുമായും ഇറാൻ്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്‌ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ട്രംപ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇറാനിയൻ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടാതെ ഒരു കരാറിനും വഴങ്ങില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.

വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിലുള്ള ചർച്ചയിൽ ധാരണ; ട്രംപിന്‍റെ അനുമതിക്കായി സമർപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!