Monday, June 1, 2026
Home » ഹെലൻ കെല്ലർ.. അതിജീവനത്തിന്റെ മറ്റൊരു പേര്.
ഹെലൻ കെല്ലർ.. അതിജീവനത്തിന്റെ മറ്റൊരു പേര്.

ഹെലൻ കെല്ലർ.. അതിജീവനത്തിന്റെ മറ്റൊരു പേര്.

ലീലാമ്മതോമസ്, ബോട്സ്വാന.

by Editor

ആത്മവിശ്വാസത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും, കഠിനാധ്വാനത്തിന്റെയും “വ്വ… വ്വേ… വവു…” ശബ്ദമായി സ്വന്തം വൈകല്യങ്ങളെ വെല്ലുവിളിച്ച് ലോകത്തെ വിസ്മയിപ്പിച്ച മഹതിയായ സ്ത്രീയെ നമുക്കറിയാം, ഹെലൻ കെല്ലർ (Helen Keller).

പത്തൊൻപത് മാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട ഒരു കുഞ്ഞ്, പിന്നീട് ലോകം ആദരിച്ച എഴുത്തുകാരിയും അധ്യാപികയും സാമൂഹ്യപ്രവർത്തകയും ആയി മാറിയ കഥയാണ് ഹെലൻ കെല്ലറിന്റേത്. അത് ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല, മനുഷ്യ മനസ്സിന്റെ അതിജീവനശക്തിയുടെ ചരിത്രമാണ്.

1880 ജൂൺ 27-ന് അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് ജനിച്ച ഹെലൻ, പത്തൊൻപതാം മാസത്തിൽ ബാധിച്ച മസ്തിഷ്കജ്വരത്തെ തുടർന്ന് അന്ധയും ബധിരയുമായി. ഡോക്ടർമാർ ജീവൻ പോലും പ്രതീക്ഷിക്കാതിരുന്ന ആ കുഞ്ഞിന് ലഭിച്ചത് വെളിച്ചവും ശബ്ദവും നഷ്ടപ്പെട്ട മറ്റൊരു ജന്മമായിരുന്നു.

എന്നാൽ വിധി അവളെ കീഴടക്കിയില്ല. ലോകം കാണാനോ കേൾക്കാനോ കഴിയാതിരുന്നെങ്കിലും ജീവിതത്തെ അറിയാനും മനുഷ്യരെ മനസ്സിലാക്കാനും ഹെലൻ ആഗ്രഹിച്ചു. ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം ഓരോ ദിവസവും വളർന്നു. പലപ്പോഴും തന്റെ ഉള്ളിലെ വേദന അമ്മയുടെ കൈകളിൽ മുഖമമർത്തി കരഞ്ഞുകൊണ്ടാണ് അവൾ പ്രകടിപ്പിച്ചിരുന്നത്.

ആ ജീവിതത്തിലേക്ക് 1887 മാർച്ച് 3-ന് ഒരു പ്രകാശരശ്മിപോലെ കടന്നുവന്നത് അധ്യാപിക Anne Sullivan ആയിരുന്നു. ഒരു വർഷത്തിലേറെ നീണ്ട ക്ഷമയുടെയും സ്നേഹത്തിന്റെയും പരിശീലനത്തിലൂടെ ഹെലൻ ഭാഷയുടെ അത്ഭുതലോകം കണ്ടെത്തി. ബ്രെയിൽ ലിപി പഠിച്ച അവൾ ഗണിതം, ഇംഗ്ലീഷ്, ഫ്രഞ്ച്, സസ്യശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങൾ സ്വായത്തമാക്കി.

അന്ധകാരത്തിനുള്ളിൽ അടച്ചിട്ടിരുന്ന മനസ്സിന് വിദ്യാഭ്യാസം ജനാലകൾ തുറന്നു കൊടുത്തു. പിന്നീട് സാഹിത്യത്തിലും സാമൂഹ്യസേവനത്തിലും വിദ്യാഭ്യാസരംഗത്തും ലോകമറിഞ്ഞ വ്യക്തിത്വമായി ഹെലൻ വളർന്നു. മനുഷ്യാവകാശങ്ങൾക്കും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും വേണ്ടി അവൾ ശബ്ദമുയർത്തി. സംസാരിക്കാൻ കഴിയാത്തവളുടെ ജീവിതം തന്നെ ലോകത്തിനൊരു സന്ദേശമായി മാറി.

ആനി സള്ളിവന്റെ മരണവും തുടർന്ന് ജീവിതസഖിയായ പോളി തോംസന്റെ വേർപാടും ഹെലനെ തളർത്തിയെങ്കിലും അവൾ കീഴടങ്ങിയില്ല. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പക്ഷാഘാതം മൂലം ആശയവിനിമയശേഷി പോലും നഷ്ടപ്പെട്ടെങ്കിലും അവൾ ലോകത്തിന് നൽകിയ പ്രചോദനം ഇന്നും ജീവനോടെയുണ്ട്.

ഒറ്റപ്പെടലിനെ തോൽപ്പിച്ചവൾ…
അംഗവൈകല്യത്തെ അതിജീവിച്ചവൾ…
നിരാശയെ പ്രത്യാശയാക്കി മാറ്റിയവൾ…
അതാണ് ഹെലൻ കെല്ലർ.

ഇന്ന് ഭിന്നശേഷി ഒരു പരിമിതിയല്ലെന്നും, മനസ്സിന്റെ ശക്തിക്ക് മുന്നിൽ തടസ്സങ്ങൾ ചെറുതാണെന്നും ലോകത്തോട് വിളിച്ചുപറയുന്ന പ്രചോദനത്തിന്റെ പ്രതിമയാണ് ഹെലൻ.

വെളിച്ചം കാണാതിരുന്ന അവൾ, ലോകത്തിന് വെളിച്ചമായി.
ശബ്ദം കേൾക്കാനാകാതിരുന്ന അവൾ, മനുഷ്യരാശിയുടെ മനസ്സാക്ഷിയുടെ ശബ്ദമായി.

1961 മുതൽ ഹെലൻ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി. അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂർണമായും ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌ വനിത 1968 ജൂൺ 1-ന്‌ 87-ആം വയസ്സിൽ അന്തരിച്ചു.

ലീലാമ്മതോമസ്, ബോട്സ്വാന.

Photos: Wikipedia

Send your news and Advertisements

You may also like

error: Content is protected !!