മലയാളത്തിലെ ഭക്തിഗാനങ്ങളുടെ സ്വർണ്ണഖനിയായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. മൂവായിരത്തിലധികം ഗാനങ്ങളിലൂടെ മലയാളിമനസ്സുകളെ ഭക്തിസാന്ദ്രമാക്കിയ കവി.
“ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാനിൻ ദിവ്യരൂപം…..”
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെഴുതിയ ആദ്യത്തെ ഭക്തിഗാനമായിരുന്നിത്. ഈ ഗാനത്തിന്റെ വരികൾ ഒരിയ്ക്കലെങ്കിലുമൊന്നുമൂളാത്ത മലയാളിയുണ്ടാവില്ല.
പത്രപ്രവര്‍ത്തകനായും, രാഷ്ട്രീയക്കാരനായും, ചെണ്ടക്കാരനായും, പാട്ടുകാരനായും കഥകളിക്കാരനായും എഴുത്തുകാരനായും കവിയായും തിരക്കഥാകൃത്തായും ഹാസ്യരചയിതാവും ഗാനരചയിതാവായുമെല്ലാം പേരെടുത്ത പ്രതിഭാശാലിയായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. കൈതൊട്ട മേഖലകളിലെല്ലാം സ്വന്തം മുദ്രയുടെ സ്വർണ്ണമാലചാർത്തിയ അപൂർവ്വവ്യക്തിത്വം.
ഭക്തിഗാനങ്ങളുടെ തമ്പുരാനായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.
“അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു…..”
“മൂകാംബികേ ദേവിജഗദംബികേ….”
“അഷ്ടമിരോഹിണിനാളിലെൻ
മനസ്സൊരു…..’
“ഉദിച്ചുയർന്നു മാമലമേലെ….”
“ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക്..”
“നീലപ്പീലി കാവടിയേന്തി…..”
അങ്ങനെയെത്രയെത്രഗാനങ്ങൾ.
1976-ൽ “തുലാവർഷം” എന്ന ചിത്രത്തിലെ “സ്വപ്നാടനം ഞാൻതുടരുന്നു….” എന്ന ഗാനവുമായായിരുന്നു സിനിമയിലെ തുടക്കം. തുടർന്ന് എട്ടോളം ചിത്രങ്ങളിൽ പാട്ടുകളെഴുതി. സൂപ്പർഹിറ്റ്ചിത്രമായിരുന്ന “പ്രഭാതസന്ധ്യ”ക്ക് കഥയും, തിരക്കഥയുമെഴുതി. ഹരിഹരന്റെ “സർഗ്ഗം” സിനിമയുടെ സംഭാഷണം, ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നീ ചിത്രങ്ങളുടെ തിരക്കഥ.. ഏതാനുംസിനിമകളിൽ അഭിനയിച്ചു..
അങ്ങനെ നീളുന്നു പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ. തുടങ്ങിവച്ചമേഖലകളിലെല്ലാം പൊന്നുവിളയിച്ച മാന്ത്രികൻ.
ജനപ്രീതിയിൽ സിനിമാഗാനങ്ങളേയും വെല്ലുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭക്തിഗാനങ്ങളും, ഓണപ്പാട്ടുകളും, ലളിതഗാനങ്ങളുമൊക്കെ കാലമെന്നും ഓർമ്മിയ്ക്കപ്പെടും.
ബാഷ്പാഞ്ജലി.. .!
വിനോദ് കട്ടച്ചിറ
Photo: chowallurkrishnankutty.com/
ചൊവ്വല്ലൂർ എന്ന പേരിൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 1936 ജൂലൈ മാസം 11-ന് ജനിച്ചു. ചൊവ്വല്ലൂർ വാരിയത്തെ പാറുക്കുട്ടി വാരസ്യാരും കൊടുങ്ങല്ലൂർ കോവിൽ വാരിയത്തെ ശങ്കുണ്ണി വാര്യരുമാണ് മാതാപിതാക്കൾ. ചൊവ്വല്ലൂരിൻ്റെ പത്രപ്രവർത്തന ജീവിതത്തിന് തുടക്കം കുറിക്കുന്നത് 1959-ലാണ്. പ്രമുഖ രാഷ്ട്രീയ നേതാവും സാഹിത്യ വിമർശകനുമായ ജോസഫ് മുണ്ടശ്ശേരി ചീഫ് എഡിറ്ററായ നവജീവൻ ദിനപ്പത്രത്തിലായിരുന്നു ആദ്യത്തെ ജോലി.
മലയാള മനോരമ 1966-ൽ കോഴിക്കോട് എഡിഷൻ തുടങ്ങിയപ്പോൾ ചൊവ്വല്ലൂർ സബ് എഡിറ്ററായി. പിന്നീടുള്ള നീണ്ട 38 വർഷം മനോരമയ്ക്കൊപ്പം. ന്യൂസ് ഡെസ്ക് ചീഫ്, ഒപ്പീനിയൻ/ലീഡർ പേജ് എഡിറ്റർ എന്നീ തസ്തികകളിൽ ജോലി ചെയ്ത ചൊവ്വല്ലൂർ കോഴിക്കോട്, കൊച്ചി യൂണിറ്റുകളിൽ അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2022 ജൂൺ 26-ന് 85-ാം വയസ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

