ഹോർമുസ് കടലിടുക്കിൽ വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാൻ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതേത്തുടർന്ന്, ഇറാനിലെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തി.
വിലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഇറാന്റെ ഈ നടപടിയെ “വെടിനിർത്തൽ കരാറിന്റെ ബുദ്ധിശൂന്യമായ ലംഘനം” (Foolish violation of Ceasefire Agreement) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളുമാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. ഒമാൻ തീരത്ത് സിംഗപ്പൂർ പതാകയേന്തിയ ‘എവർ ലവ്‌ലി’ (Ever Lovely) എന്ന കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കു വഴിയുള്ള സുരക്ഷിതയാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന വ്യക്തമാക്കിയിരുന്നു. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും അവർ ആരോപിച്ചു. നിർദേശങ്ങൾ അനുസരിക്കാത്ത കപ്പലുകൾക്കെതിരെ നടപടിയുണ്ടാകും. ഹോർമുസിൽ ഇറാൻ നിശ്‌ചയിച്ച പാതയല്ലാതെ, പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാൻ സേന മുന്നറിയിപ്പു നൽകിയിരുന്നു.
2026 ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ പകുതിയോടെ ഇരുരാജ്യങ്ങളും ഒരു താൽക്കാലിക വെടിനിർത്തൽ ധാരണയിൽ (Islamabad Memorandum) ഒപ്പുവെച്ചിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ പിരിക്കുമെന്ന ഇറാന്റെ വാദവും തുടർന്നുള്ള തർക്കങ്ങളുമാണ് ഈ സമാധാനക്കരാറിനെ ഇപ്പോൾ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.

