യാംഗൂൺ: വടക്കുകിഴക്കൻ മ്യാൻമറിൽ ഉഗ്രസ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 50 ലധികം പേർ കൊല്ലപ്പെട്ടു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നാംഖാം ടൗൺഷിപ്പിലെ കൗങ്തുപ് ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് സംഭവം. അപകടത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായിപരിക്കേറ്റതായും നൂറിലധികം വീടുകൾ തകർന്നതായും പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്ന വിമത ഗ്രൂപ്പായ താങ് നാഷണൽ ലിബറേഷൻ ആർമി (TNLA), ഇത് അബദ്ധത്തിൽ സംഭവിച്ച ഒരു സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് താങ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു. രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ പോരാട്ടം നടത്തുന്ന പ്രബല വിമതസേനയാണ് താങ് നാഷണൽ ലിബറേഷൻ ആർമി.

