Monday, June 1, 2026
Home » ലെബനനിലെ 900 വർഷം പഴക്കമുള്ള ബ്യൂഫോർട്ട് കോട്ടയും അതിനടുത്തുള്ള തന്ത്രപ്രധാനമായ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു.
ലെബനനിലെ 900 വർഷം പഴക്കമുള്ള ബ്യൂഫോർട്ട് കോട്ടയും അതിനടുത്തുള്ള തന്ത്രപ്രധാനമായ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു.

ലെബനനിലെ 900 വർഷം പഴക്കമുള്ള ബ്യൂഫോർട്ട് കോട്ടയും അതിനടുത്തുള്ള തന്ത്രപ്രധാനമായ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു.

by Editor

ബെയ്‌റൂട്ട്: തെക്കൻ ലെബനനിലെ ലിതാനി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന 900 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ടയും (Beaufort Castle) അതിനടുത്തുള്ള തന്ത്രപ്രധാനമായ കുന്നുകളും ഇസ്രായേൽ സൈന്യം (IDF) പിടിച്ചെടുത്തു. ഇറാൻ്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനൻ്റെ കൂടുതൽ ഉള്ളിലേക്ക് ഇസ്രയേൽ സൈന്യം കൂടുതൽ കടന്നുകയറുകയാണ്.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ (26 വർഷം) ലെബനന്റെ ഇത്രയും ഉള്ളിലേക്ക് ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ അധിനിവേശമാണിത്. കോട്ട പിടിച്ചെടുത്തതിന് ശേഷം ഇസ്രായേലിന്റെയും അവരുടെ ഗോലാനി ബ്രിഗേഡിന്റെയും (Golani Brigade) പതാകകൾ കോട്ടയ്ക്ക് മുകളിൽ ഉയർത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 710 മീറ്റർ ഉയരത്തിൽ ലിതാനി നദീതടത്തിന് മുകളിലായി ഒരു കൂറ്റൻ പാറക്കെട്ടിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ തന്ത്രപ്രധാനമായ ഭൂപ്രകൃതി കാരണം, തെക്കൻ ലെബനൻ മൊത്തമായും വടക്കൻ ഇസ്രായേൽ പ്രദേശങ്ങളും വ്യക്തമായി നിരീക്ഷിക്കാൻ ഈ കോട്ടയിൽ നിന്ന് സാധിക്കും.

ലെബനനിലെ സൈനികനടപടിക്കിടെയുള്ള നാടകീയ വഴിത്തിരിവെന്ന് നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉള്ളിലേക്ക് നടപടി വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽ സേനാവക്താവ് അവിചായ് ആഡ്രേ പറഞ്ഞു. നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾ മറികടന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഉത്തരവനുസരിച്ച് സൈന്യം ലിതാനി നദി കടന്ന് മുന്നേറുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൂസേഡർമാർ നിർമ്മിച്ച ഈ കോട്ട അറേബ്യൻ ചരിത്രത്തിൽ ‘ഖലാത് അൽ-ഷഖീഫ്’ (Al-Shaqif) എന്നും അറിയപ്പെടുന്നു. അരമായ (Aramaic) ഭാഷയിൽ ‘ഉയർന്ന പാറയിലെ കോട്ട‘ എന്നാണ് ഈ പേരിന്റെ അർത്ഥം. 1139-ൽ ജറുസലേമിലെ രാജാവായിരുന്ന ഫുൾക് (Fulk) ഈ പ്രദേശം പിടിച്ചെടുക്കുകയും തുടർന്ന് ക്രൂസേഡർമാർ ഇവിടെ ഒരു ശക്തമായ കോട്ട നിർമിക്കുകയുമായിരുന്നു എന്നാണ് ചരിത്രം. ഫ്രഞ്ച് ഭാഷയിലെ ‘Bel fort’ അല്ലെങ്കിൽ ‘Beau fort’ (മനോഹരമായ കോട്ട) എന്ന വാക്കിൽ നിന്നാണ് ‘ബ്യൂഫോർട്ട്‘ എന്ന പേരുണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 710 മീറ്റർ ഉയരത്തിൽ ലിതാനി നദീതടത്തിന് മുകളിലായി ഒരു കൂറ്റൻ പാറക്കെട്ടിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

1190-ൽ പ്രശസ്തനായ മുസ്ലിം ഭരണാധികാരി സലാഹുദ്ദീൻ അയ്യൂബി (Saladin) കഠിനമായ ഉപരോധത്തിലൂടെ ക്രൂസേഡർമാരിൽ നിന്ന് ഈ കോട്ട പിടിച്ചെടുത്തു. 1240-ൽ കരാറുകളിലൂടെ ക്രൂസേഡർമാർ ഇത് തിരിച്ചുപിടിച്ചെങ്കിലും, 1268-ൽ മാംലൂക് സുൽത്താനായ ബൈബാർസ് (Baibars) കോട്ട പൂർണ്ണമായും ഇസ്ലാമിക ഭരണത്തിന് കീഴിലാക്കി. പതിനേഴാം നൂറ്റാണ്ടിൽ ലെബനീസ് അമീർ ഫക്രുദ്ദീൻ രണ്ടാമൻ (Fakhreddine II) ഈ കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയെങ്കിലും ഓട്ടോമൻ സൈന്യം അദ്ദേഹത്തെ തോൽപ്പിക്കുകയും കോട്ടയുടെ മുകൾഭാഗം തകർക്കുകയും ചെയ്തു. 1982-ലെ ലെബനൻ യുദ്ധത്തിലൂടെ ഇസ്രായേൽ സൈന്യം (IDF) ഈ കോട്ട പിടിച്ചെടുക്കുകയും 18 വർഷത്തോളം ഒരു സുപ്രധാന നിരീക്ഷണ കേന്ദ്രമായി നിലനിർത്തുകയും ചെയ്തു. 2000-ൽ ഇസ്രായേൽ സൈന്യം ലെബനൻ ഒഴിഞ്ഞപ്പോഴാണ് തിരികെ നൽകിയത്. ലെബനൻ സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി കോട്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരുന്നു.

ഇസ്രായേലിന്റെ ഈ നടപടിയെ ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തരമായി വിളിച്ചുകൂട്ടാൻ ഫ്രാൻസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇറാനു പിന്തുണപ്രഖ്യാപിച്ച് ഹിസ്ബുള്ള പോർമുഖം തുറന്നതോടെ മാർച്ച് രണ്ടിനാണ് ഇസ്രയേൽ വീണ്ടും ലെബനനിൽ യുദ്ധമാരംഭിച്ചത്. ഏപ്രിൽ 17 മുതൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും അത് നിരന്തരം ലംഘിക്കുകയാണ്.

ഗാസയുടെ 70 % പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ നിർദ്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു

Send your news and Advertisements

You may also like

error: Content is protected !!