Wednesday, July 1, 2026
Home » ജോസഫ് ഇടമറുക്: ഓർമ്മദിനം
ജോസഫ് ഇടമറുക്: ഓർമ്മദിനം

ജോസഫ് ഇടമറുക്: ഓർമ്മദിനം

ആർ. ഗോപാലകൃഷ്ണൻ

by Editor

യുക്തിവാദി, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക്. ഒരു കാലത്തു ‘യുക്തിവാദി’ എന്ന നിലയിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. ‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല‘ എന്ന് തുടങ്ങിയ പ്രകോപനപരമായ ശീർഷകങ്ങളിലൂടെ ഇടമറുക് തൻ്റെ കൃതികൾക്കു ‘ഹിറ്റ് ചാർട്ടിൽ‘ ഇടം കണ്ടത്തി. ഒരു കാലത്തു ‘മനോരാജ്യം‘ ആഴ്ച്ചപ്പതിപ്പിനെ ‘ജനപ്രീയ‘ പ്രസിദ്ധീകരണങ്ങളുടെ മുൻ നിരയിൽ എത്തിച്ച ഇടമറുകിനെ ഒരു ‘ജനപ്രീയ‘ യുക്തിവാദിയായി ആണ് ഞാൻ കാണുന്നത്. ഇദ്ദേഹത്തിൻ്റെ 20-ാം ചരമവാർഷിക ദിനമാണിന്ന്

ഇടമറുകിൻ്റെ മകൻ ‘സനൽ‍ ഇടമറുക്‘ ഇപ്പോൾ മതതീവ്രവാദികളുടെ ഭീഷണിയും മറ്റും മൂലം ഫിൻലൻ്റിൽ പ്രവാസത്തിലാണ്. സനൽ‍ കേരളത്തിൽ വിദ്യാർഥിയായിരുന്ന കാലത്ത്, സാഹിത്യ ക്യാമ്പുകളിയിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട് – 1974-ലെ ചരൽക്കുന്ന് ക്യാമ്പ് ഇപ്പോഴും ഓർക്കുന്നു.

തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ‘ഇടമറുക്‘. ഇടമറുകിൽ ഒരു ‘തോലാനിക്കുന്നേൽ’ മലങ്കര കത്തോലിക്കാ ക്രിസ്ത്യൻ കുടുംബത്തിൽ 1934-ൽ സെപ്റ്റംബർ 7-ന് ജോസഫ് ജനിച്ചു. പിന്നീട് ആ കുടുംബം മറ്റൊരു ക്രൈസ്‌തവ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസിൽ ‘ക്രിസ്തു ഒരു മനുഷ്യൻ‘ എന്ന പുസ്തകം എഴുതിയതിനെ തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു.

ഈഴവ സമുദായത്തിൽ ജനിച്ച സോളിയെ 1954-ൽ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി. ഇക്കാലയളവിൽ തൊടുപുഴയിൽ നിന്നും ‘ഇസ്ക്ര’ (തീപ്പൊരി) എന്ന മാസിക പുറത്തിറക്കി. 1957 മുതൽ 1970 വരെ ‘മനോരമ‘ ഇയർ ബുക്കിന്റെ എഡിറ്ററായിരുന്നു; 1959 ആ വാർഷിക ഗ്രന്ഥം ഇറങ്ങി തുടങ്ങിയത്. അക്കാലത്തും, ‘വിളംബരം’, ‘തേരാളി’, ‘യുക്തി‘ എന്നീ യുക്തിവാദ മാസികളിൽ സജീവമായി പ്രവർത്തിച്ചു.

അദ്ദേഹം മാർക്സിസ്റ്റ് – വിപ്ലവ ആശയങ്ങളിൽ ആകൃഷ്ടനായി റവല്യൂഷനറി കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചതാണ്. അതിനുശേഷം മാർക്സിസം തന്നെ ശരിയല്ല എന്ന തിരിച്ചറിവിൽ എത്തിച്ചേർന്നു അദ്ദേഹം.

1970-കളുടെ ആദ്യകാലത്തു നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായതെന്ന് റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ള ഒരു കേസ്സിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി; 1970-ൽ അന്ന് ‘മലയാള മനോരമ‘യിലെ എഡിറ്റോറിയൽ ബോർഡിൽ അംഗമായിരുന്ന വേളയിലാണ്, അദ്ദേഹത്തെ മനോരമ ഓഫീസിൽ നിന്ന് നക്സലൈറ്റ് എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ ഒരു കവർച്ച കേസിൽ ആണ് ഇങ്ങനെ കുടുക്കിയത്. ഒരു പ്രസ്സ് വാങ്ങാനുള്ള പണത്തിനു വേണ്ടി വ്യാപാരിയായ രാജശേഖരൻ നായരെ കടയിൽ ചെന്ന് നക്ൽ സംഘത്തോടൊപ്പം ആക്രമിച്ചു എന്നായിരുന്നു കേസ്.

‘പോലീസ് കസ്റ്റഡിയിൽ 24 മണിക്കൂർ’ എന്ന ഇടമറുകിൻ്റെ ചെറു ഗ്രന്ഥം ഇതിന്റെ അനുഭവ വിവരണമാണ്. പോത്തൻ എന്നു പേരായ ഒരു കൊമ്പൻ മീശക്കാരൻ സബ് ഇൻസ്പെക്ടറുടെ പീഡനമുറകൾ അതിൽ വിശദമായി വിവരിച്ചിരുന്നത് ഓർക്കുന്നു. (ഞങ്ങൾ പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതേ ഇൻസ്പെക്ടർ വിദ്യാർത്ഥി സമരങ്ങളെ നേരിടാൻ ഞങ്ങളുടെ കോളേജിൽ വന്നിരുന്നു.) തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ, ഇടമറുകിൻ്റെ സാന്നിദ്ധ്യം ഉണ്ടായിട്ടില്ലന്നും അദ്ദേഹം യാതൊരു തരത്തിലും നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നുള്ള പ്രത്യേക പരാമർശത്തോടും കൂടിയാണ്. ഈ ആക്രമണം നടന്ന ഒരു സംഭവം തന്നെയായിരുന്നെങ്കിലും ഇത് നക്സൽ ഓപ്പറേഷനായി പോലീസ് ചിത്രീകരിച്ചതാണ് എന്നുമെല്ലാം അക്കാലത്ത് കേട്ടിരുന്നു.

1971-ൽ ‘മനോരാജ്യം’, ‘കേരളഭൂഷണം’, ‘കേരളധ്വനി’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. അക്കാലത്തു ഡോ. ജോർജ് തോമസ് ഇവയുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു. (ഉടമയായിരുന്നു). ഇ.ജെ. കാനം തുടങ്ങിവച്ച ‘മനോരാജ്യം‘ എന്ന പ്രസിദ്ധീകരണം ജോർജ്ജ് തോമസ് വിലയ്ക്ക് വാങ്ങുകയായിരുന്നു. മുൻ സൂചിപ്പിച്ചതു പോലെ ‘മനോരാജ്യ‘ത്തെ ‘ജനപ്രീയ‘ പ്രസിദ്ധീകരണങ്ങളുടെ മുൻ നിരയിൽ എത്തിച്ചതിൽ ഒരു പങ്ക് ഇടമറുകിനും കൂടി അവകാശപ്പെട്ടതാണ്.

1977-ൽ ‘എറൌണ്ട് ഇന്ത്യ‘ എന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ഇടമറുക് ദില്ലിയിലെത്തി. അതേ വർഷം തന്നെ ‘കേരളശബ്ദം‘ പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി. താൻ ജയിലിൽ കഴിയേണ്ടി വന്നപ്പോൾ പരിചയപ്പെട്ട കുറ്റവാളികളുടെ ജീവിതം, ചമ്പൽക്കാട്ടിലെ കൊള്ളക്കാർ തുടങ്ങിയ പരമ്പര എല്ലാം ‘കേരള ശബ്ദ’ത്തിൽ എഴുതി, അക്കാലത്ത് ഏറെ ശ്രദ്ധനേടി.

1956-ൽ കോട്ടയം കേന്ദ്രമാക്കി ‘യുക്തിവാദി സംഘം‘ രൂപവത്കരിക്കുന്നതിന് ഇടമറുക് മുൻ‌കൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.

യുക്തിവാദ വിഷയങ്ങളെ അധികരിച്ച് 170-ൽ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായ ‘കൊടുങ്കാറ്റുയർത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മറ്റു പ്രധാനപ്പെട്ട കൃതികൾ ഇവയാണ്: ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകൾ ഒരു വിമർശനപഠനം, ഖുർആൻ ഒരു വിമർശനപഠനം, ഭഗവദ്ഗീത ഒരു വിമർശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂർണകൃതികൾ (തർജമ)

ഇടമറുകിന്റെ താമസം കിഴക്കൻ ഡൽഹിയിൽ ‘മയൂർ വിഹാർ‘ കോളനിയിലെ ഒരു വീട്ടിൽ ആയിരുന്നു. പിന്നീട്, സീനിയർ അക്രഡിറ്റഡ് ജേർണലിസ്റ്റ് എന്ന നിലയിൽ കേന്ദ്ര ഗവൺമെൻറ് അദ്ദേഹത്തിന് മോത്തിബാഗിൽ ഒരു അപ്പാർട്ട്മെൻറ് നൽകിയിരുന്നു. അവിടെ വെച്ചായിരുന്നു ഇടമറുകിൻ്റെ നിര്യാണം. 2006 ജൂൺ 29-ന് ആയിരുന്നു അന്ത്യം.

പരേതയായ സോളി ഇടമറുക് ഭാര്യ; സനൽ ഇടമറുക്, ഗീതാ സ്കാനർ എന്നിവര്‍ മക്കൾ. വിദേശിയായ ഒരു സഞ്ചാര സാഹിത്യകാരനെയാണ് മകൾ ഗീത വിവാഹം കഴിച്ചിരിക്കുന്നത്.

¶ അനുബന്ധം – 01:

ഇടമറുകിൻ്റെ മകൻ സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദി സംഘത്തിന്റെ പ്രസിഡൻ്റും റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ സ്ഥാപക പ്രസിഡൻ്റും ആണ്. (മുൻ സൂചിപ്പിച്ചതു പോലെ,) ഒരു മതനിന്ദാ വ്യവഹാരത്തെ തുടർന്ന് സനൽ ഇപ്പോൾ വിദേശത്ത്‌, ഫിൻലൻ്റിൽ, ആണെന്ന് അറിയുന്നു… സാമൂഹ്യ മാദ്ധ്യമങ്ങളിൽ കാണാറുണ്ട്.

2012 മാർച്ചിൽ മുംബൈയിലെ വിലെ പാർലെയിലെ വേളാങ്കണ്ണി പള്ളിയിൽ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നു എന്ന വാർത്തയെ തുടർന്നു ലക്ഷക്കണക്കിന് ജനങ്ങൾ എത്തി ക്രിസ്തുവിന്റെ കാലിൽ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു.

ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനൽ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി. ക്രിസ്ത്യൻ മതമേലധികാരികൾ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നൽകുകയും മുംബൈ പോലീസ്‌ കേസെടുക്കുകയും ആണുണ്ടായത്. അതായത്, സത്യം ബോധ്യപ്പെടുത്തിയതിൻ്റെ പേരിൽ കേസ് എടുത്തു; അതും അന്ധവിശ്വാസം പരത്തി വരുമാനമുണ്ടാക്കാൻ ശ്രമിച്ചവരുടെ പരാതിയുടെ പേരിൽ!

എന്നാൽ അടുത്ത കാലത്ത് അദ്ദേഹം വിദേശ വിദ്യാഭ്യാസ സഹായം സംബന്ധിച്ച് ഒരു ചീറ്റിങ് കേസിൽ ഉൾപ്പെട്ടു എന്ന വാർത്ത കണ്ടിരുന്നു.

¶ അനുബന്ധം – 02:

ഇടമറുകിന്റെ കുടുംബ പശ്ചാതലം: Babychan Chirappurath & Pallikkonam Rajeev എന്നിവരുടെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ ….

കിടങ്ങൂരിലെ ഒരു നായർ കുടുംബത്തിലെ നാരായണിയമ്മയെ നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് വിവാഹം ചെയ്ത ഒരു സിറിയൻ ശെമ്മാച്ചനാണ് ആദായി കുടുംബത്തിൻ്റെ പൂർവ്വികൻ. ക്രിസ്തുമതം സ്വീകരിച്ച ആ കുടുംബം തോലാനിക്കുന്നേൽ എന്ന പേരിൽ തലമുറകളായി വിവിധ സഭകളിലായി പാദുവാ, ചേർപ്പുങ്കൽ, കോതമംഗലം, പോത്താനിക്കാട്, ഉടുമ്പന്നൂർ തുടങ്ങി പല സ്ഥലങ്ങളിലായി പിരിഞ്ഞു താമസിച്ചു. നിരവധി വൈദികർ പിന്നീടും ആദായിമാർ എന്ന പേരിൽ ആ കുടുംബത്തിൽ നിന്ന് ഉണ്ടായി. ഇടമറുകിൻ്റെ അച്ഛൻ്റെ പേരും ആദായി എന്നു തന്നെയാണ്.

ഇടമറുകിന്റെ പിതാവ് തോലാനി ക്യന്നേൽ ആദായി പെരിനാട് ബഥനി ആശ്രമത്തിലെ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഒരു ആരാധകൻ ആയിരുന്നു. മാർ ഈവാനിയോസ് കത്തോലിക്കാ സഭയിൽ ചേർന്നു മലങ്കര കത്തോലിക്ക സഭ രൂപീകരിച്ചപ്പോൾ ആദായി വൈദ്യരും അക്കൂട്ടത്തിൽ ചേർന്നു ഉടുമ്പന്നൂരിലെ St. ജോസഫ് L. P. സ്കൂളും, കരിമണ്ണൂർ St. ജോസഫ്‌സ് സ്കൂളും മലങ്കര സഭയുടെ തിരുവല്ല രൂപത ആരംഭിച്ചതാണ്. കരിമണ്ണൂർ സ്കൂൾ പിൽക്കാലത് എറണാകുളം രൂപതയ്ക്ക് വിട്ടുകൊടുത്തു ഉടുമ്പന്നൂരിലെ (മങ്കുഴി) കത്തോലിക്ക പള്ളിയിൽ ആണ് T. C. ജോസഫിനെ (ജോസഫ് ഇടമറുക്) മാമോദിസ മുക്കിയത്. പിതാവിന്റെ മരണശേഷം ഇടമറുകിന്റെ കുടുംബം യാക്കോബായ സഭയിലേക്ക് തിരിച്ചു പോയി. ഉടുമ്പന്നൂർ (പാറേക്കവല) L. P. സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന രാമനാട്ട് ചെറിയാൻ സാറിന്റെ വീട്ടിൽ നിന്നാണ് ഇടമറുക് പഠിച്ചിരുന്നത്.

‘ഇടമറുക്’ എന്ന പേരിൽ ഉടുമ്പന്നൂരിൽ പണ്ട് ഒരു ഇല്ലം ഉണ്ടായിരുന്നു. ആ വീട്ടുപേരിൽ നിന്നാണ് ആ കരയ്ക്ക് ഇടമറുക് എന്ന പേര് വന്നത്. (അയൽനാടായ, തട്ടക്കുഴ എന്ന സ്ഥലപ്പേരും ഈ രീതിയിൽ ഉണ്ടായതാണ്.) ഇടമറുകിന് സ്ഥലനാമങ്ങൾ സംബന്ധിച്ച് ഗവേഷണത്തിൽ അതീവ താല്പര്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഒരു പുസ്തകം അദ്ദേഹത്തിന്റേതായി ഉണ്ട്. ഇടമറുകിൻ്റെ ‘കേരള സംസ്കാരം’ എന്ന ഈ ഗ്രന്ഥം മികച്ച ഒരു ചരിത്ര പഠനമാണ്.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!