Monday, June 29, 2026
Home » സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു.
സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു.

സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു.

by Editor

വിക്ടോറിയ: ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രതിരോധം, ഡിജിറ്റൽ പേയ്മെന്റ്, സമുദ്രസുരക്ഷ ഉൾപ്പെടെ വിവിധ മേഖലകളിലായി 19 സുപ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ, സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി വിക്ടോറിയയിൽ നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷിക വേളയിലാണ് ഈ സുപ്രധാന കരാറുകൾ ഒപ്പുവെക്കപ്പെട്ടത്.

സെയ്ഷെൽസിൽ യുപിഐ (UPI) അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) സെയ്ഷെൽസ് സെൻട്രൽ ബാങ്കും തമ്മിൽ കരാറായി. സെയ്ഷെൽസ് ഡിഫൻസ് ഫോഴ്സിന് ഇന്ത്യ ഒരു ഫാസ്റ്റ് പട്രോൾ വെസൽ, 10 യൂട്ടിലിറ്റി വാഹനങ്ങൾ, 5 ലേസർ റേഡിയൽ ക്ലാസ് ബോട്ടുകൾ എന്നിവ കൈമാറും. കൂടാതെ കോസ്റ്റ് ഗാർഡ് കപ്പലായ പിഎസ് സോറോസ്റ്ററിന്റെ നവീകരണവും ഡോർണിയർ വിമാനത്തിന്റെ പരിഷ്കരണവും പൂർത്തിയായി.

ഇന്ത്യയുടെ ‘ജൻ ഔഷധി’ പദ്ധതിക്ക് കീഴിൽ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഇന്ത്യൻ മരുന്നുകൾ ലഭ്യമാക്കാൻ HLL ലൈഫ്‌കെയർ ലിമിറ്റഡും സെയ്ഷെൽസ് ആരോഗ്യ മന്ത്രാലയവും തമ്മിൽ ധാരണയായി. പുതിയ സെയ്ഷെൽസ് നാഷണൽ ഹോസ്പിറ്റലിന്റെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതിയായി. വിവിധ വികസന പ്രവർത്തനങ്ങൾക്കായി എക്സിം ബാങ്ക് വഴി ഏകദേശം 1250 കോടി രൂപയുടെ ധനസഹായം ഇന്ത്യ നൽകും. ബഹിരാകാശ ഗവേഷണം, കുറ്റവാളികളെ വിട്ടുകിട്ടൽ കരാർ, കൃഷി, വിദ്യാഭ്യാസം, നാവികർക്കുള്ള പരിശീലന സർട്ടിഫിക്കറ്റ് അംഗീകാരം എന്നിവയിലും കരാറുകൾ ഒപ്പുവെച്ചു. മാനുഷിക സഹകരണത്തിന്റെ ഭാഗമായി 6 ആംബുലൻസുകൾ, 500 മെട്രിക് ടൺ അരി, 8500 മെട്രിക് ടൺ സിമന്റ് എന്നിവയും ഇന്ത്യ സെയ്ഷെൽസിന് കൈമാറി.

സെയ്ഷെൽസിന്റെ ദേശീയദിന സുവർണജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി മോദി പങ്കെടുത്തത്. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകിയിരുന്നു. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കൽ ​ഗാർഡൻ സന്ദർശിക്കാൻ പോയത്. പ്രസിഡന്‍റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. സെയ്ഷെൽസിൻ്റെ ദേശീയദിനാഘോഷ ചടങ്ങിനിടെയായിരുന്നു പുരസ്‌കാര സമർപ്പണം. ഹരിതവളർച്ച, കാലാവസ്ഥാ പ്രവർത്തനം, ബ്ലൂ ഇക്കോണമി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മോദി നൽകിയ സംഭാവനകളെ പ്രശംസിച്ചാണ് സെയ്‌ഷെൽസ് സർക്കാർ ഈ ബഹുമതി പ്രഖ്യാപിച്ചത്.

സമുദ്രകള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, അനധികൃത മത്സ്യബന്ധനം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കാൻ സഹകരണം വർധിപ്പിക്കുമെന്ന് സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി വ്യക്തമാക്കി. ഇന്ത്യയുടെ മഹാസാഗർ ദർശനത്തിൽ സെയ്ഷെൽസിനുള്ള പ്രത്യേക സ്ഥാനവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമായ സീഷെൽസുമായുള്ള ഇന്ത്യയുടെ ബന്ധം സുരക്ഷ, കണക്ടിവിറ്റി, ശേഷി വികസനം, വികസന പങ്കാളിത്തം എന്നീ മേഖലകളിലേക്കു വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.

Send your news and Advertisements

You may also like

error: Content is protected !!