ടെഹ്‌റാൻ: യുഎസിന്റെ 8 താവളങ്ങൾ അക്രമിച്ചെന്ന് ഇറാൻ. കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ എട്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർസ് (IRGC) അവകാശപ്പെട്ടു. തങ്ങളുടെ വ്യോമതാവളങ്ങളും മണ്ണും ഉപയോഗിച്ച് അമേരിക്കയ്ക്ക് സൈനിക പിന്തുണ നൽകുന്ന ഗൾഫ് അയൽരാജ്യങ്ങൾക്ക് ഇറാൻ ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി അമേരിക്കയ്ക്ക് തങ്ങളുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ തുറന്നു കൊടുക്കുന്ന ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ‘നരകമാക്കും’ എന്നാണ് ഐആർജിസി നൽകുന്ന മുന്നറിയിപ്പ്.
ഇന്ന് പുലർച്ചെയും കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ പുതിയ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. ബഹ്റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമോ യുഎസ് സൈനികർക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തിന് നേരെ വന്ന മിസൈലുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി കുവൈത്ത് അറിയിച്ചു.
പുലർച്ചെയുണ്ടായ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ രാജ്യാന്തര നിയമപ്രകാരം ശക്തമായ നടപടിയെടുക്കാൻ കുവൈത്തിന് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിവിലിയൻ മേഖലകളെ ഭീതിയിലാഴ്ത്തുന്ന ഇറാന്റെ ഈ നീക്കം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.
അതിനിടെ യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, കടലിൽ വെച്ചുണ്ടായ സൈനിക നീക്കങ്ങളിൽ നിന്നുള്ള ഷെൽ/മിസൈൽ കഷ്ണങ്ങൾ തറച്ച് ഖത്തർ സ്വദേശി മരണപ്പെട്ടു. ഖത്തറിന്റെ കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുടെ പതിവ് നിരീക്ഷണത്തിനായി രണ്ട് ആളുകളുമായി കടലിൽ പോയ ഒരു ചെറിയ ബോട്ട് ആണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച (ജൂൺ 28) പുലർച്ചെയോടെ രക്ഷാപ്രവർത്തകർ കാണാതായ ഈ ബോട്ട് കടലിൽ കണ്ടെത്തുകയായിരുന്നു എന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) സ്ഥിരീകരിച്ചു. ബോട്ട് കണ്ടെത്തുമ്പോഴേക്കും ഒരാൾ മരണപ്പെട്ടിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ടാമത്തെ ആളായ അറബ് വംശജനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നില ഗുരുതരമല്ലെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇറാനിലെ സൈനികകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് പോർവിമാനങ്ങൾ ആക്രമിച്ചത്. യുഎസ് നേവിയുടെയും എയർഫോഴ്സിന്റെയും അത്യാധുനിക യുദ്ധവിമാനങ്ങൾ സംയുക്തമായാണ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള പത്തോളം ഇറാനിയൻ താവളങ്ങളിൽ ഒരേസമയം ബോംബവർഷം നടത്തിയത്. ഇറാന്റെ അത്യാധുനിക സൈനിക നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണശാലകൾ, കടലിൽ മൈനുകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ യുഎസ് യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിർത്തൽ ലംഘിച്ചുള്ള യുഎസ് ആക്രമണങ്ങൾ നയതന്ത്രനടപടികളുടെ അന്ത്യത്തിൽ കലാശിക്കുമെന്ന് ഇറാന്റെ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർസ് മുന്നറിയിപ്പുനൽകി.
ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനോട് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “ഇറാൻ ഇനിയും സമാധാനത്തിന്റെ ഭാഷ പഠിച്ചില്ലെങ്കിൽ, ഈ ദൗത്യം സൈനികമായി പൂർത്തിയാക്കാൻ അമേരിക്ക നിർബന്ധിതരാകും. അങ്ങനെ സംഭവിച്ചാൽ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ’ എന്നൊരു രാജ്യം പിന്നീട് ഈ ഭൂമുഖത്ത് ഉണ്ടാകില്ല” എന്നായിരുന്നു ട്രംപ് ഭീഷണിപ്പെടുത്തിയത്.
അതിനിടെ ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും കപ്പൽ ഗതാഗത സുരക്ഷയും സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തുന്നതിനായി യുഎസിന്റെയും ഇറാന്റെയും പ്രതിനിധികൾ ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ മാസം ഒപ്പുവെച്ച 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരാതിരിക്കാനാണ് ഇരുരാജ്യങ്ങളും ഈ അടിയന്തര ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഈ സമാധാനക്കരാർ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്.
ഹോർമുസ് കടലിടുക്കിൽ ഒമാന് സമീപത്തുകൂടി പുതിയ കപ്പൽപ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന കഴിഞ്ഞ ശനിയാഴ്‌ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മേഖലയെ യുദ്ധക്കളമാക്കിയ ഈ ആക്രമണ പരമ്പരകൾ ഉണ്ടായത്.

