വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്ന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈന്യം തങ്ങളുടെ ‘ജോലി തീർക്കാൻ’ നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപിന്റെ ഭീഷണി മുഴക്കി. യുഎസ് സൈന്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ ധാരണകൾ ഇറാൻ വീണ്ടും ലംഘിച്ചതായി ആരോപിച്ച ട്രംപ്, ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത ഒരു ഘട്ടം വന്നേക്കാം. അങ്ങനെയെങ്കിൽ വളരെ വിജയകരമായി തുടങ്ങിയ ജോലി സൈനികമായി പൂർത്തിയാക്കാൻ യുഎസ് നിർബന്ധിതരാകും. യുഎസ് സൈന്യം അങ്ങനെ ഇറങ്ങിത്തിരിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നീട് ഈ ഭൂമുഖത്ത് നിലനിൽക്കില്ല എന്ന് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ (Truth Social) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപ് ഇറാന് ഈ കടുത്ത അന്ത്യശാസനം നൽകിയത്.
ഇറാൻ്റെ 10 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള 10 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. എന്നാൽ, യുഎസിനെ ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് പ്രതികരിച്ചു.
കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഇന്നു പുലർച്ചെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാനിലെ തീരദേശ മേഖലകളിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായാണ് തങ്ങളുടെ റെവല്യൂഷനറി ഗാർഡ് (IRGC) ഈ പ്രത്യാക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ശത്രുവിന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് സൈന്യവും ബഹ്റൈനും അറിയിച്ചു. ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിലും ബഹ്റൈനിലും പുലർച്ചെയോടെ ഉച്ചത്തിൽ എയർ റൈഡ് സൈറനുകൾ മുഴങ്ങുകയും, ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

