Sunday, June 28, 2026
Home » ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

by Editor

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും കടുത്തു. യുഎസും ഇറാനും തമ്മിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുന്ന രീതിയിലാണ് നിലവിലെ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസത്തെ യു എസ് ആക്രമണത്തിന് മറുപടിയായി ഇറാൻ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്‌റൈന് നേരെ നിരവധി ഡ്രോണുകൾ അയച്ച് ആക്രമണം നടത്തി. പനാമ പതാകയുള്ള കികു എന്ന വലിയ എണ്ണക്കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.

കഴിഞ്ഞ ദിവസം സിംഗപ്പൂർ പതാകയുള്ള ‘എവർ ലവ്ലി’ എന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്നാണ് യുഎസ് സൈന്യം ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. കപ്പൽ ആക്രമണത്തിന് മറുപടിയായി യുഎസ് സൈന്യം (CENTCOM) ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായ ദിവസങ്ങളിൽ വ്യോമാക്രമണം നടത്തി. തെക്കൻ ഇറാനിലെ സിറിക് (Sirik) നഗരത്തിലുള്ള കമ്മ്യൂണിക്കേഷൻ ടവർ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവ യുഎസ് തകർത്തു. അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചു. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങളും പ്രത്യാക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു.

ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണശാലകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കോസ്റ്റൽ റഡാറുകൾ, മൈൻ നിക്ഷേപിക്കുന്നതിനുള്ള കപ്പലുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. തെക്കൻ ഇറാനിൽ വലിയ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. യുഎസ് പിന്തുണയോടെ ഒമാൻ തീരത്തുകൂടി കപ്പലുകൾ പോകുന്ന പുതിയ പാത ഇറാൻ അംഗീകരിക്കാത്തതാണ് നിലവിലെ സംഘർഷത്തിന്റെ പ്രധാന കാരണം. ഇരുപക്ഷവും വെടിനിർത്തൽ കരാർ ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകും” എന്ന രീതിയിലുള്ള കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ പരമാവധി ശ്രമിക്കണമെന്ന വ്യവസ്ഥ സമാധാന കരാറിലുണ്ടായിരുന്നു. ഈ കരാറാണ് ലംഘിക്കപ്പെട്ടത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും ആശങ്കയും ശക്തമായിരിക്കുകയാണ്. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ മാസങ്ങളായി കുടുങ്ങിക്കിടന്ന കപ്പലുകളെയും പതിനൊന്നായിരത്തോളം നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) നടത്തിവന്ന രക്ഷാപ്രവർത്തനം ഈ ആക്രമണത്തോടെ താൽക്കാലികമായി നിർത്തിവെച്ചു.

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം; ഇറാൻ വെടിനിർത്തൽ ധാരണ പാലിച്ചില്ല എന്ന് ട്രംപ്

Send your news and Advertisements

You may also like

error: Content is protected !!