Monday, June 29, 2026
Home » അഫ്‌ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പാക്കിസ്ഥാനിലും, കാശ്മീരിലും, ഡൽഹിയിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനിൽ ഭൂചലനം;

അഫ്‌ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പാക്കിസ്ഥാനിലും, കാശ്മീരിലും, ഡൽഹിയിലും പ്രകമ്പനം

by Editor

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഇതിന്റെ പ്രകമ്പനം പാക്കിസ്ഥാനിലും ഇന്ത്യയിലെ കാശ്മീരിലും, ഡൽഹിയിലും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 7:04 ഓടെയാണ് ഭൂചലനം സംഭവിച്ചത്.

വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിൽ (Jurm) നിന്ന് 43 കിലോമീറ്റർ മാറി, ഭൂമിക്കടിയിൽ 215 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. യു.എസ് ജിയോളജിക്കൽ സർവേ (USGS) ഇതിന്റെ തീവ്രത 6.1 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ (ഇസ്ലാമാബാദ്, സ്വാത്, റാവൽപിണ്ടി) എന്നിവയ്ക്ക് പുറമെ ഇന്ത്യയിൽ ഡൽഹി-എൻസിആർ, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ ചൈന, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും നേരിയ ചലനങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലോ അഫ്ഗാനിസ്ഥാനിലോ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കൻ ജപ്പാനിലെ ഇവേറ്റ് (Iwate) പ്രവിശ്യയുടെ തീരത്ത് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്ന് രാവിലെ പ്രാദേശിക സമയം 7:25 ഓടെ ഉണ്ടായി. ഭൂമിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. അയോമോറി ഉൾപ്പെടെയുള്ള സമീപ പ്രവിശ്യകളിലും ഇതിന്റെ പ്രകമ്പനം രേഖപ്പെടുത്തി. ടോക്കിയോയ്ക്ക് പടിഞ്ഞാറുള്ള യമനാഷി (Yamanashi) പ്രവിശ്യയിൽ 5.6 തീവ്രതയുള്ള മറ്റൊരു ശക്തമായ ഭൂചലനം വെള്ളിയാഴ്ച രാത്രി 10:29 ഓടെ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇവേറ്റ് തീരത്ത് തന്നെ 7.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനവും ഉണ്ടായിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!