ദമാം: സൗദി കിഴക്കൻ പ്രിവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം ഖാലിദ് (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് ലക്ഷ്‌മൺ (42) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു. പൊലീസ് സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സജീം സംഭവസ്‌ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തുകയാണ് സജീം. ഇദ്ദേഹത്തിെൻറ ജീവനക്കാരനായിരുന്നു ശ്രീലേഷ്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ശ്രീലേഷിന്‍റെ ഏക സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരിച്ചത്. അനുജന്‍റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ തന്നെ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. തുടർ നടപടികൾ പുരോഗമിക്കുന്നു.

