ടെഹ്‌റാൻ: ബെയ്‌റൂത്തില്‍ ഇസ്രായേൽ ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അതിനാൽ വടക്കൻ ഇസ്രായേലിലെ ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞുപോവണമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും അവിടെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി.
ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വിഭാഗമായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് (Khatam al-Anbiya Central Headquarters) ആണ് വടക്കൻ ഇസ്രായേലിലെയും സൈനിക സെറ്റിൽമെന്റുകളിലെയും താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു എന്ന് വ്യക്തമാക്കിയത്. തങ്ങളുടെ റെഡ് ലൈനുകൾ ലംഘിച്ച് ബെയ്‌റൂട്ടിലോ ഗസ്സയിലോ ഇസ്രായേൽ ആക്രമണം നടത്തിയാൽ അത് നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്നും വടക്കൻ ഇസ്രായേലിൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഇസ്രായേൽ ഭരണകൂടം മുൻപുള്ള വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുമായി മധ്യസ്ഥർ വഴി നടത്തിവന്നിരുന്ന സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായി നിർത്തിവെച്ചു. ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാകുന്നതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്. ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഇറാന്‍റെ ഈ പുതിയ നീക്കം.
അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും, ഉന്നത പ്രതിനിധികൾ വഴി ഹിസ്ബുള്ളയുമായും നേരിട്ട് സംസാരിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. ലെബനനിൽ യുദ്ധം വൻതോതിൽ പടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിർണായക നയതന്ത്ര ഇടപെടൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് (Truth Social) ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
ഇസ്രായേൽ സൈന്യം ബെയ്‌റൂട്ടിലേക്ക് പ്രവേശിക്കില്ലെന്നും, അങ്ങോട്ട് നീങ്ങിയിരുന്ന സൈനികരെ നെതന്യാഹു തിരിച്ചുവിളിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഉന്നത പ്രതിനിധികൾ വഴിയാണ് ഹിസ്ബുള്ള നേതൃത്വവുമായി സംസാരിച്ചതെന്നും പരസ്പരം ആക്രമിക്കുന്നത് നിർത്താൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം ഒഴിവാക്കുകയാണെങ്കിൽ, വടക്കൻ ഇസ്രായേലിലേക്ക് നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായി നിർത്താൻ ഹിസ്ബുള്ള തയ്യാറാണെന്ന് ലെബനൻ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി വഴി അമേരിക്കയെ അറിയിച്ചതായി ലെബനൻ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഹിസ്ബുള്ള ഇസ്രായേൽ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണം പൂർണ്ണമായി നിർത്തിയില്ലെങ്കിൽ ബെയ്‌റൂട്ടിലെ ഭീകര കേന്ദ്രങ്ങളെ ഇസ്രായേൽ തുടർന്നും ആക്രമിക്കുമെന്നും, ദക്ഷിണ ലെബനനിലെ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നുമാണ് നെതന്യാഹു അറിയിച്ചിട്ടുള്ളത്.

