Tuesday, June 2, 2026
Home » നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബാലൻ ഷാ, വിവാദം

നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബാലൻ ഷാ, വിവാദം

by Editor

കാഠ്മണ്ഡു: ഇന്ത്യ മാത്രമല്ല, നേപ്പാളും പലയിടങ്ങളിലും ഇന്ത്യൻ പ്രദേശങ്ങൾ കൈയേറിയിട്ടുണ്ടെന്ന് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ബാലൻ ഷാ (ബാലേന്ദ്ര ഷാ). നേപ്പാൾ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നേപ്പാൾ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.

അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപനിയെ കുറിച്ച് ചോദ്യമുയര്‍ന്ന ഘട്ടത്തിലാണ് ബലേന്ദ്ര ഷയുടെ പാര്‍ലമെന്‍റിലെ പരാമർശം. പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമാണ് തനിക്ക് ഈ യാഥാർത്ഥ്യം മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങളെച്ചൊല്ലിയുള്ള അതിർത്തി തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴും ഒരു പ്രധാന പ്രശ്നമായി തുടരുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കും പുറമെ ബ്രിട്ടനെക്കൂടി ചർച്ചകളിൽ പങ്കാളികളാക്കാൻ നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ തെളിവുകളില്ലെന്ന് ആരോപിച്ച് നേപ്പാളി കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ പ്രതിപക്ഷം രംഗത്തെത്തി. ഈ പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ, അതിർത്തിയിലെ ‘നോ-മാൻസ് ലാൻഡ്‘ ഉപയോഗത്തെക്കുറിച്ചാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. അതിർത്തിയുടെ ഇരുവശത്തുമുള്ള ആളുകൾ മാറിമാറി ഭൂമി ഉപയോഗിക്കുന്നതിനെയാണ് അദ്ദേഹം പരാമർശിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹിമാലയൻ രാജ്യമായ നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 2026 മാർച്ചിൽ  ചുമതലയേറ്റ മുപ്പത്തിയഞ്ചുകാരനായ ബാലൻ ഷാ. നേപ്പാൾ ഒരിക്കലും ഇന്ത്യൻ പ്രദേശം കൈയേറിയിട്ടില്ലെന്നും, ചില അതിർത്തി പ്രദേശങ്ങളിൽ അതിർത്തി തൂണുകൾ ഇല്ലാത്തതിനാലും സ്വതന്ത്രമായ സഞ്ചാരം ഉള്ളതിനാലും ഇരുഭാഗത്തെയും കർഷകർ പരസ്പരം ഭൂമി കൃഷിക്കായി ഉപയോഗിക്കാറുണ്ടെന്നതുമാണ് യാഥാർത്ഥ്യമെന്ന് പ്രമുഖ അതിർത്തി വിദഗ്ദ്ധനായ ബുദ്ധി നാരായൺ ശ്രേഷ്ഠയും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളികൊണ്ട് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളുടെ 97 ശതമാനവും ഇതിനകം പരിഹരിക്കപ്പെട്ടതാണെന്നും, അതിർത്തി തൂണുകൾ നഷ്ടപ്പെട്ട ചിലയിടങ്ങളിൽ മാത്രമാണ് ഭൂമി ഉപയോഗത്തിൽ ആശയക്കുഴപ്പമുള്ളതെന്നും, നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറിയതായി ഔദ്യോഗിക രേഖകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യയിലും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യത മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല അതിർത്തി തർക്കങ്ങളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവന. ലിപുലേഖ്, കാലാപാനി പ്രദേശങ്ങൾ ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നും, ഏകപക്ഷീയമായ ഭൂപട നിർമ്മാണം അംഗീകരിക്കില്ലെന്നും ഇന്ത്യ മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!