ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിൽ ഇന്ന് (ബുധനാഴ്ച) രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് രാവിലെ 8.50 ഓടെയാണ് മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിൽ തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. എന്നാൽ 9.45 ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ പറഞ്ഞു. വിവരമറിഞ്ഞയുടൻ നെഹ്റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിൻ്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. പത്ത് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയർ സർവീസ് അധികൃതർ പറഞ്ഞു. തീ പിടുത്തത്തിൽ മരിച്ചവരിൽ അധികവും വിദേശികളാണെന്ന വിവരങ്ങളുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണ്. സമീപത്തുള്ള പ്രമുഖ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മെഡിക്കൽ ടൂറിസ്റ്റുകളായിരുന്നു ഇവർ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
സംഭവത്തിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ദുരന്തത്തിൽ അനുശോചനമറിയിച്ചു.

