തിരുവനന്തപുരം: കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കി മുഖ്യമന്ത്രി വി.ഡി സതീശൻ. 10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയാണ് ധവളപത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 6000 കോടി രൂപ ബാക്കിയുണ്ടെന്നായിരിന്നു പ്രചരണം. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല എന്ന് വി ഡി സതീശൻ ചോദിച്ചു. എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു.
കൊടുക്കാനുള്ള പലയിടത്തും പണം കൊടുത്തിട്ടില്ല. ഇതൊന്നും കൊടുക്കാതെ ആയതോടെയാണ് ട്രഷറിയിൽ ബാക്കി പണം വന്നത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മെയ് 16-ന് 2000 കോടി രൂപയാണ് ഉണ്ടായിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ഡി.ആർ കുടിശിക ഇനത്തിൽ മാത്രം പുതിയ സർക്കാരിന് 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. സംസ്ഥാനത്തിൻ്റെ ആകെ വരുമാനത്തിൻ്റെ സിംഹഭാഗവും നിശ്ചലമായ ചെലവുകളിലേക്ക് പോകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 77 ശതമാനം വരുമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു.
ബജറ്റിന് പുറത്തുള്ള വായ്‌പകൾ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്ബി സർക്കാരിൻ്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇത് സംസ്ഥാനത്തിൻ്റെ പൊതു കടത്തിന്റെ പരിധിയിൽ വന്നത് തിരിച്ചടിയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ കിഫ്ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്‌പാ ബാധ്യതയുണ്ട്. സർക്കാരിനേക്കാൾ ഒന്ന് മുതൽ 1.5 ശതമാനം വരെ അധികം പലിശയ്ക്കാണ് കിഫ്ബി വായ്‌പകളെടുത്തത്. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കിഫ്ബിക്ക് ഇനി ആവശ്യമുണ്ട്. കിഫ്ബി ഫണ്ട് വിതരണത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചില ജില്ലകൾക്ക് മാത്രം അമിത പ്രാധാന്യം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദൈനംദിന ചെലവുകൾക്കായി ഖജനാവ് പൂർണമായും ആർബിഐയുടെ അടിയന്തര വായ്‌പാ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് ജിഎസ്‌ഡിപിയുടെ വെറും 1.3 ശതമാനം മാത്രമാണ്. മറ്റ് പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമായിരിക്കെയാണിത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 12-ൽ 10 മാസവും ട്രഷറിയിൽ ബാലൻസ് നെഗറ്റീവ് ആയിരുന്നു.
2025-ൽ മാത്രം 262 ദിവസം വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നു. വായ്‌പാ പരിധി അവസാനിച്ചതിനെത്തുടർന്ന് കടുത്ത ഓവർഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്. കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും ജിഎസ്‌ടി നഷ്ടരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് നിർത്തലാക്കിയത് വഴി മാത്രം വരുമാനത്തിൽ 20000 കോടി രൂപയുടെ കുറവുണ്ടായി.
2024- 25 വര്‍ഷം വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വര്‍ഷത്തിനിടയില്‍ നഷ്ടം രണ്ട് ഇരട്ടിയായി. കൊച്ചി മെട്രോ മാസം 35 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് നഷ്ടം 1580 കോടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഷ്‌കരണം കെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ബവ്‌കോ വരുമാനമുണ്ടാക്കുമ്പോള്‍ സപ്ലൈകോ നഷ്ടത്തിലാണ്. ഈ രണ്ടു കോര്‍പറേഷനുകളും ഒരുമിച്ചാക്കി മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനും രണ്ടു വിഭാഗങ്ങള്‍ ആക്കുന്നതാണ് നല്ലതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. പ്രാധാന്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിന് അനുകൂലമായ നിർദേശങ്ങളാണ് ധവളപത്രത്തിൽ ഉള്ളത്. വിരമിക്കൽ പ്രായം ഓരോ വർഷം ഉയർത്തുമ്പോഴും വിരമിക്കൽ ആനുകൂല്യങ്ങളുടെ ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 6000 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. വരുമാനതിൻ്റെ 80 ശതമാനത്തോളം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായാണു ചെലവഴിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലാണിത്. ജനങ്ങളിൽനിന്നു നികുതി പിരിച്ച് അതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ധവളപത്രത്തിൽ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മിഷനുകളെ നിയമിക്കുക എന്ന നിര്‍ദേശവും ധവളപത്രത്തിലുണ്ട്.

