കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്മെൻ്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്‌റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക വിധി. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്.
ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനുള്ള കാരണങ്ങളൊന്നും ഇല്ലെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് ഡിവിഷിൻ ബെഞ്ചിന്റെ തീരുമാനം. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും.
കോടതികള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുവെന്നതില്‍ സന്തോഷവും പ്രത്യാശയുമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഴിമതിപ്പണം വെളുപ്പിക്കല്‍ പ്രക്രിയയാണ് നടന്നതെന്ന് ആദ്യം മുതല്‍ തങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സേവനം വാങ്ങാതെ കോടിക്കണക്കിന് രൂപയാണ് വീണയുടെ കമ്പനി വാങ്ങിയത്. ഇനിയെങ്കിലും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രത്യാശിക്കുന്നതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇഡി അന്വേഷണം കൂടി വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക് വരുമെന്നാണ് കരുതുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും വീണ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായ നിയമപരമായ എല്ലാ നടപടികളെയും തടയാന്‍ ശ്രമിച്ചു. ഇനി അതിന് അവര്‍ക്ക് കഴിയില്ല. ഇഡിയ്ക്ക് ഇനി കൂടുതലായി അന്വേഷിക്കേണ്ടി വരില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ തന്നെ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

