തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം ഉയർന്നുവന്ന
ബന്ധുനിയമന വിവാദങ്ങൾക്ക് ഒടുവിൽ ആദ്യ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹത്തിൻ്റെ സഹോദരീഭർത്താവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസ് പദവി രാജിവെച്ചു. ബന്ധുനിയമനം പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. ബെന്നി തോമസ് തൻ്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശനാണ് കൈമാറിയത്.
നിയമസഭയിൽ അടക്കം പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും മുന്നണിക്കുള്ളിൽ തന്നെ അതൃപ്‌തി പുകയുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര രാജി. ബെന്നി തോമസിനെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് വെറുമൊരു ബന്ധു എന്ന പരിഗണനയിലല്ലെന്നും അദ്ദേഹം മികച്ചൊരു പൊതുപ്രവർത്തകൻ ആയതുകൊണ്ടാണെന്നുമാണ് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി സമർപ്പിക്കപ്പെട്ടത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് ദീർഘകാലമായി കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമാണ്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തുണ്ടായ ബന്ധു നിയമനങ്ങളെ യുഡിഎഫ് രാഷ്ട്രീയമായി വിമർശിച്ചിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സമാനമായ നിയമനം ഉണ്ടായത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

