Monday, June 8, 2026
Home » ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ജനന നിരക്ക് കുറയുന്നു.
ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ജനന നിരക്ക് കുറയുന്നു.

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ജനന നിരക്ക് കുറയുന്നു.

by Editor

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനനനിരക്ക് (Total Fertility Rate – TFR) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും (2.1) താഴെയായി (ഏകദേശം 1.9) കുറഞ്ഞതായി കേന്ദ്ര സർക്കാർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്കായി കണക്കാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ദേശീയ ജനനനിരക്ക് 1.9 ആയി കുറഞ്ഞു. ഒരു രാജ്യത്തെ ജനസംഖ്യ കൂടാതെയും കുറയാതെയും ഒരേ നിലയിൽ മുന്നോട്ട് പോകണമെങ്കിൽ ജനനനിരക്ക് 2.1 എങ്കിലും ആയിരിക്കണം. എന്നാൽ നിലവിൽ ഇന്ത്യ ഇത് മറികടന്ന് 1.9 ലേക്ക് താഴ്ന്നു‌ കഴിഞ്ഞു. തൽകാലം യുവാക്കളുടെ എണ്ണം കൂടുതലായതുകൊണ്ട് ജനസംഖ്യ പെട്ടെന്ന് കുറയില്ലെങ്കിലും വരുന്ന ദശകങ്ങളിൽ ഇന്ത്യയിലെ ജനസംഖ്യാ വളർച്ച പൂർണമായും നിലയ്ക്കുകയും തുടർന്ന് ജനസംഖ്യ കുറയാൻ തുടങ്ങുകയും ചെയ്യും.

നഗരപ്രദേശങ്ങളിൽ ജനന നിരക്ക് 1.6 ആയും ഗ്രാമീണ മേഖലകളിൽ 2.1 ആയും ചുരുങ്ങി. 1950 കളിൽ ഒരു ഇന്ത്യൻ സ്ത്രീക്ക് ശരാശരി ആറ് കുട്ടികൾ വീതമുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ദേശീയ ശരാശരി 1.9 ആയി മാറിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനന നിരക്കിൻ്റെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്.

ദേശീയ ശരാശരി പൊതുവേ കുറവാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനന നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലാണ്. ഇതിൽ 2.9 നിരക്കുമായി ബിഹാർ ആണ് രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3) എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ ഉള്ളത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രധാന മെട്രോ നഗരങ്ങളിലും ജനന നിരക്ക് ആശങ്കാജനകമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കർണാടക, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ 1.5 ഉം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 1.4 ഉം ആണ് ജനനനിരക്ക്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ ഇത് 1.3 ലേക്ക് ചുരുങ്ങിയപ്പോൾ, രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് (1.2) രേഖപ്പെടുത്തിയിട്ടുള്ളത്.

സ്ത്രീവിദ്യാഭ്യാസത്തിൻ്റെ വളർച്ച, കുടുംബാസൂത്രണ ഉപാധികളുടെ വർധിച്ച ഉപയോഗം, വൈകിയുള്ള വിവാഹങ്ങൾ, നഗരവൽക്കരണം എന്നിവയാണ് ജനന നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങൾ ആയി ചൂണ്ടികാണിക്കുന്നത്. ജനന നിരക്ക് വളരെ കുറഞ്ഞാൽ വരും ദശാബ്ദങ്ങളിൽ ആശ്രിതരായ പ്രായമായവരുടെ എണ്ണം കൂടുകയും ജോലി ചെയ്യാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യും. പെൻഷൻ, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായുള്ള സർക്കാർ ചെലവുകൾ വർധിക്കുകയും രാജ്യം സാമ്പത്തിക വെല്ലുവിളി നേരിടുകയും ചെയ്യും. ചൈന, ജപ്പാൻ മുതലായ രാജ്യങ്ങൾ ഇപ്പോൾ ഈ പ്രതിസന്ധികളെ നേരിടുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!