ബസ്സിനു പോകാൻ 10 പൈസയ്ക്ക് കൈനീട്ടിയ ഒരു കാലമുണ്ടായിരുന്നു.
ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിച്ചത് മാന്നാനം കെ.ഇ. കോളേജിലാണ്. അന്ന് വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസിലെ മിനിമം ചാർജ് 10 പൈസയായിരുന്നു. മാന്നാനംവരെ പോകാൻ ഇരുപതു പൈസ.
അതുപോലും ഇല്ലാതിരുന്ന എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എൻ്റെ ജീവിതത്തിൽ. തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ ചോദിച്ചാൽ കിട്ടും എന്ന് ഉറപ്പുള്ള ഒരു അയൽ വീടുണ്ടായിരുന്നു. അവിടെ ദയാലുവായ, പഠിക്കുന്ന കുട്ടികളോട് ഇഷ്ടമുള്ള ഒരു മനുഷ്യനുണ്ടായിരിരുന്നു. “പട്ടാളപണിയ്ക്കൻ“. അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
കോളേജിൽ പോകാൻ വണ്ടിക്കൂലിയില്ലാത്ത ചില ദിവസങ്ങളിൽ ഞാൻ പട്ടാളപ്പണിക്കൻ്റെ വീട്ടിൽ പൈസ കടം ചോദിക്കാൻ പോയിട്ടുണ്ട്. കോളേജിൽ പോകാനൊരുങ്ങിയിട്ടാണ് ചെല്ലുക. എന്നെ കാണുമ്പോഴേ ചില്ലറയിട്ടു വയ്ക്കുന്ന ചെറിയ പെട്ടിയിൽ നിന്നും പൈസയെടുത്തു തരും. അദ്ദേഹത്തിൻ്റെ കയ്യിലില്ലെങ്കിൽ മക്കളെ വിളിക്കും. അദ്ദേഹത്തിൻ്റെ പെൺമക്കളെല്ലാം പണിക്ക് പോകുന്നവരാണ്.
എടീ തങ്കമ്മേ / എടീ സരളേ അങ്ങനെ അവരെ ആരെയെങ്കിലും വിളിച്ചിട്ടു പറയും ആ കൊച്ചിന് ചില്ലറയെടുത്തു കൊടുത്തേ. എടുത്തു തരാൻ താമസിച്ചാൽ പറയും നിങ്ങളെപ്പോലെയല്ല പഠിക്കാൻ പോണ കൊച്ചാണ്. അതിൻ്റെ ബസ്സ് പോകും വേഗം എടുത്തു കൊടുക്ക് എന്ന് അങ്ങനെ പല പ്രാവശ്യം അദ്ദേഹം ചില്ലറപൈസ തന്നിട്ടുണ്ട്. തിരിച്ചു കൊടുത്താൽ വാങ്ങിക്കയുമില്ല.
ഡിഗ്രിയ്ക്ക് പഠിച്ചത് കുറവിലങ്ങാട് ദേവമാതാ കോളേജിലായിരുന്നു.
ഏറ്റുമാനൂര് നിന്ന് കുറവിലങ്ങാട് വരെ KSRTC യ്ക്കാണ് പോകുന്നത്. ഒരു മാസത്തേക്ക് കാർഡെടുത്തിട്ടുണ്ടാവും. ഏറ്റുമാനൂര് നിന്ന് കട്ടച്ചിറവരെ വരാനുള്ള 10 പൈസ കയ്യിലില്ലാതെ കോളേജിൽ പോയിട്ടുണ്ട് ഞാൻ.
വൈകുന്നേരമാകുമ്പോൾ ഒരു കൂസലുമില്ലാതെ തമാശ രൂപേണ ഞാൻ പറയും ആരെങ്കിലും പത്തുപൈസ തന്നില്ലെങ്കിൽ എനിക്ക് വീട്ടിൽ പോകാൻ പറ്റില്ല കേട്ടോ എന്ന്. കൂട്ടുകാർ ആരെങ്കിലും പത്ത് പൈസ തരും.
വണ്ടിക്കൂലി തരാൻ അച്ഛൻ്റെ കയ്യിൽ പൈസയില്ലെങ്കിൽ പറയും പോകാൻ ഒരുങ്ങി വഴീലേക്ക് വന്നേരെ അച്ഛൻ വഴിയിൽ കാണും എന്ന്. ഞാൻ ചെല്ലും മുമ്പ് ആരോടെങ്കിലും കടം മേടിച്ചിട്ട് എന്നെ കാത്ത് നിൽക്കുന്നുണ്ടാവും അച്ഛൻ.
സ്‌ക്കൂളിൽ പഠിക്കുമ്പോൾ ബസ്സിൽ പോയിട്ടേയില്ല. നടപ്പു തന്നെ നടപ്പ്.
അക്കാലത്തേപ്പോലെ സ്‌കൂളിലും കോളേജിലും പോകാൻ വണ്ടിക്കൂലിയ്ക്ക് കഷ്ടപ്പെടുന്ന കുട്ടികളും കടം വാങ്ങിക്കുന്ന അച്ഛന്മാരും കടം കൊടുത്ത് തിരിയെ വാങ്ങിക്കാത്ത നല്ലവനായ അയൽക്കാരനും ഇന്നും ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കും.
വണ്ടിക്കൂലിയില്ലാഞ്ഞിട്ട് മാസാവസാനം ലീവെടുക്കുമായിരുന്ന ഒരാളെ എനിക്കറിയാം. ഒരാളുടെ മാത്രം വരുമാനത്തിൽ വീട് പുലർത്തേണ്ടിവരുമ്പോൾ അങ്ങനെയും സംഭവിക്കും.
ഇല്ലായ്മയുടെ കയ്പുനീർ കുടിച്ചു കൊണ്ട് മധുരതരമായ ജീവിതം സ്വപ്നം കാണുന്നവർ എല്ലാക്കാലത്തുമുണ്ടാവും ഇല്ലേ? അങ്ങനെയുള്ള ആർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുന്ന ഒരു കാര്യത്തിനെ അത്തരം ഇല്ലായ്മയിലൂടെ ഒരിക്കലും കടന്നുപോകാത്തവർക്ക് പല പല വാദങ്ങൾ നിരത്തി വിമർശിക്കാൻ കഴിയും. ഇല്ലേ ?
കുമാരി എൻ. കൊട്ടാരം

