മലയാളത്തിലെ മാന്ത്രിക നോവൽ ശാഖയിൽ ശ്രദ്ധേയമായ, മലയാളത്തിലെ ആദ്യ മാന്ത്രികനോവൽ എന്നു പറയാവുന്ന മോഹനചന്ദ്രൻ്റെ “കലിക”. ബി മോഹനചന്ദ്രൻ നായർ എന്ന ബി. എം.സി. നായരുടെ 1977-ൽ കുങ്കുമം വാരികയൽ ഖണ്ഡശ : പ്രസിദ്ധീകരിച്ച് വായനക്കാർ ഏറ്റുവാങ്ങിയ നോവൽ. “മിസ്റ്റിക്കൽ ഫാൻ്റസി“.
സുന്ദരിയും ഹൈമവതിയും കാപ്പിരിയും വേലൻചെടയനും ഇതൊക്കെ എഴുതിയെങ്കിലും കലിക എന്നു കേൾക്കുമ്പോൾ മോഹനചന്ദ്രൻ എന്ന പേര് ഏവരുടേയും ഓർമ്മയിൽ വരും.
മലയാളത്തിലെ ശ്രദ്ധേയമായ ഈ നോവൽ അതേപേരിൽ ചലച്ചിത്രമായി പുറത്തുവന്നത് 46 വർഷം മുൻപ് ഇതേ ദിവസമാണ്. 1980 ജൂൺ 12, വ്യാഴാഴ്ച. ബാലചന്ദ്രമേനോൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം.
നിർമ്മാണം ലക്ഷ്മിപ്രിയ പ്രൊഡക്ഷൻസ് – നാന ഗ്രൂപ്പ് (ആർ. കൃഷ്ണസ്വാമി, ഡോ.ബി.എ.രാജാകൃഷ്ണൻ)
ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി, അടൂർഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ, ശ്രീലത, ബാലൻ കെ. നായർ എന്നിവർ ഈ ചിത്രത്തിൽ വേഷമിട്ടു. (ഷീല – കലിക, സുകുമാരൻ – ജോസഫ്)
ദേവസാസ് ചിങ്ങോലിയാണ് ഇതിന് ഗാനങ്ങൾ എഴുതിയത്. ദേവരാജൻ സംഗീതവും.
കലികയുടെ കഥാകാരനും, കലിക സിനിമയിലെ നായകനും വിടവാങ്ങിയത് ജൂൺ 16-ന്. നായകൻ 1997-ലും കഥാകൃത്ത് 2018-ലും.
വിജയൻ ന്യൂസ്പ്രിൻ്റ് നനഗർ
കലിക എന്ന നോവൽ മംഗലത്ത് തറവാടിന്റെ കഥയാണ്. തറവാടിനെ ഗ്രസിച്ച ശാപത്തിന്റെയും പിന്നീട് കൈവന്ന ശാപമോക്ഷത്തിന്റെയും കഥയാണ്. മംഗലത്ത് വീട്ടിലെ കാരണവരും അയാളുടെ ഭാര്യയും തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അവരുടെ ഏകമകനായ സദനെയും എടുത്ത് അവന്റെ അമ്മാവൻ നാടുവിടുന്നു. അന്നുമുതൽ ഭയാനകതയുടെയും ഭീകരതയുടെയും വിഹാരകേന്ദ്രമായി മാറുകയാണ് മംഗലത്ത് വീട്. സ്വന്തം അച്ഛനും അമ്മയും കൊല്ലപ്പെട്ടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു കൊണ്ട് പതിനേഴു വർഷങ്ങൾക്കു ശേഷം സദൻ മംഗലത്തേക്ക് തിരിച്ചു വരുന്നു. ഈ അന്വേഷണത്തിൽ സദന്റെ സുഹൃത്തുക്കളായ സഖറിയ, ജോസഫ്, ജമാൽ എന്നിവരും ചേരുന്നു. മംഗലത്ത് വീട്ടിൽ അവരെ എതിരേല്ക്കുന്നത് കലികയാണ്. തന്റെ കന്യകാത്വം പിച്ചിച്ചീന്തിയ പിതൃതുല്യനെ വലിച്ചു കീറിക്കൊന്ന കലിക. പുരുഷവർഗ്ഗത്തോടുള്ള അടങ്ങാത്ത പകയുടെയും പ്രതികാരചിന്തയുടെയും കത്തിയാളുന്ന തീക്കുണ്ഡമാണ് അവളുടെ മനസ്സ്. ഒരു ഭാഗത്ത് കലികയും മറുഭാഗത്ത് സദനും സുഹൃത്തുക്കളും! അവർ തമ്മിൽ നടക്കുന്ന ഭീതിയുണർത്തുന്ന യുദ്ധത്തിന്റെ കഥയാണ് കലിക എന്ന നോവൽ.

