Monday, June 15, 2026
Home » മലയാള സിനിമയുടെ സത്യൻമാഷ്
മലയാള സിനിമയുടെ സത്യൻമാഷ്

മലയാള സിനിമയുടെ സത്യൻമാഷ്

ജോയ്ഷ് ജോസ്

by Editor

ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാളും താരപദവികള്‍ക്കപ്പുറം സിദ്ധി കൊണ്ടും തനിമ കൊണ്ടും തന്റെ വ്യക്തിത്വവും, ചടുലമായ ഭാവങ്ങളും കൊണ്ടും പ്രേക്ഷക പ്രിയങ്കരനായി മാറിയ സത്യന്‍ മാഷിന്‍റെ അമ്പത്തിയഞ്ചാം ചരമവാര്‍ഷിക ദിനമാണിന്ന്.

1911 നവംബര്‍ 9-ന് ആലപ്പുഴയില്‍ തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായാണ് മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ മാഷിന്‍റെ ജനനം. വിദ്വാൻ പരീക്ഷ പാസായി തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അധ്യാപകനായി ജീവിതമാരംഭിച്ച സത്യനേശൻ പിന്നീട് സർക്കാരുദ്യോഗസ്ഥനായി. ഒരു വർഷത്തിനു ശേഷം ആ ജോലി രാജിവെച്ച അദ്ദേഹം 1941-ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടാളത്തിൽ നിന്നും വിരമിച്ച് തിരുവിതാംകൂറിൽ തിരിച്ചെത്തി സ്റ്റേറ്റ് പോലീസിൽ ചേർന്നു. 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്നു.

നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെടാനിടയായതാണ് അദേഹത്തെ സിനിമയിലെത്തിച്ചത്. സിനിമാലോകത്തുള്ള പലരുമായി സത്യനേശനെ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ബന്ധപ്പെടുത്തിക്കൊടുത്തു. അങ്ങനെ 1951-ൽ ജോലി രാജിവെച്ച് സത്യൻ എന്ന പേരു സ്വീകരിച്ച അദ്ദേഹം കൗമുദി ബാലകൃഷ്ണൻ നിർമ്മിച്ച ത്യാഗസീമ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷെ ആ സിനിമ പുറത്തിറങ്ങിയില്ല.

ആദ്യചിത്രം ‘ത്യാഗസീമ’ വെളിച്ചം കണ്ടില്ലെങ്കിലും 1952 പുറത്തിറങ്ങിയ ആത്മസഖി അദേഹത്തിന് സിനിമ ലോകത്തിലേക്കുള്ള ചവിട്ടു പടിയായി. നീലക്കുയിലിലെ പ്രകടനം സത്യനേശനെ മലയാളിയുടെ പ്രിയങ്കരനാക്കി. ഒരു സിനിമാ നടന്‍ അല്ലെങ്കില്‍ നായകനടന്‍ എന്ന നിലയില്‍ ഒട്ടേറെ പരിമിതികളുള്ള ആളായിരുന്നു സത്യന്‍. നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം തുടങ്ങി പ്രതികൂലഘടകങ്ങള്‍ പലതായിരുന്നു. ശാരീരികമായി ആകര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും എല്ലാറ്റിനെയും വെല്ലുന്ന അഭിനയപാടവം കൊണ്ട് സത്യന്‍ മലയാളത്തിന്റെ പ്രിയനടനായി മാറി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് നേടി. മലയാള സിനിമ ചരിത്രത്തില്‍ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ്വേമായത്തിലെ സൂധീന്ദ്രന്‍ ഈ കഥാപാത്രങ്ങളിലൂടെ സത്യന്റെ പ്രതാപം ഇന്നും മലയാളത്തില്‍ നിറയുന്നു. നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ. നീണ്ട പത്തു വർഷം രക്താർബുദത്തോട് മല്ലടിച്ച് 1971 ജൂൺ 15-ന് ആ മഹാനടൻ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.

ജോയ്ഷ് ജോസ്

Send your news and Advertisements

You may also like

error: Content is protected !!