കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. ‘പ്രിയദർശിനി‘ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു മാസം തികയുന്നത് 18-നാണ്. ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷത്തിലാണ് താൻ അടക്കമുള്ളവർ. 800 കോടി പ്രതി വർഷം സർക്കാർ കൊടുക്കുകയാണ് പദ്ധതിക്കായി. ഗതാഗത മന്ത്രിയിൽ വലിയ ആത്മവിശ്വാസമുണ്ട്. കാരണം കുറച്ചുനാൾ കഴിയുമ്പോൾ കെഎസ്ആർടിസി വരുമാനം വർധിപ്പിക്കും. കെഎസ്ആർടിസി സർക്കാർ സഹായം വേണ്ടെന്നു പറയുന്ന സാഹചര്യം ഉണ്ടാകും. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിൽ സ്വകാര്യ ബസ്സുകൾക്ക് ആശങ്ക വേണ്ട, കാരണം കെഎസ്ആർടിസി ഓർഡിനറി ബസ്സുകൾ ഇല്ലാത്ത സ്ഥലത്തു സ്വകാര്യ ബസ്സുകളും ഈ പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.

