പ്രസിദ്ധീകരണങ്ങൾ കേരളം മുഴുവനും നിറഞ്ഞുനിന്ന 80- 90 കാലഘട്ടം. കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചു വന്ന വാരികകളായിരുന്നു ഏറ്റം പ്രധാനം. മനോരമ, മനോരാജ്യം, മംഗളം, പശ്ചിമതാരക, സഖി, പൗരദ്ധ്വനി, മാമാങ്കം, ജനനി, ചെമ്പകം, സുനന്ദ, തരംഗിണി – തുടങ്ങി എത്രയോ പ്രസിദ്ധീകരണങ്ങൾ മലയാളക്കരയിൽ തേരോട്ടം നടത്തി വന്ന കാലം.
ഇന്ന് ഇവയിൽ അവശേഷിക്കുന്നത് മനോരമ മാത്രം …..
അഞ്ചും ആറും ജനപ്രിയ നോവലുകൾ ഓരോ ലക്കത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്ന് ഡിറ്റക്ടീവ് നോവൽ ആയിരിക്കണമെന്ന് നിർബ്ബന്ധം, വായനക്കാരേക്കാളുപരി പത്രാധിപർക്കായിരുന്നു. അത് എഴുതുന്നവരാകട്ടെ കോട്ടയം പുഷ്പ നാഥ്, ബാറ്റൺ ബോസ്, തോമസ് ടി.അമ്പാട്ട്, വേളൂർ പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ…. ഇതിൽ ഏറ്റം പ്രധാനി കോട്ടയം പുഷ്പനാഥും.
കോട്ടയം പുഷ്പനാഥാകട്ടെ എഴുപതുകൾ മുതലേ ഈ രംഗത്ത് സജീവവും.
ചുവന്ന മനുഷ്യൻ എന്ന നോവൽ മനോരാജ്യത്തിൽ പ്രസിദ്ധീകരിച്ചു വന്നു. അത് എഴുപതിൻ്റെ തുടക്കത്തിൽ…. മനോരമയിൽ വന്ന നോവലുകളാണ് പുഷ്പനാഥിനെ ഏറെ പ്രശസ്തനാക്കിയത്.
കളത്തിൽ വർഗീസ്, ഉറൂബ്, പ്രൊഫ. കെ.എം. തരകൻ പത്മൻ (കെ.പത്മനാഭൻ നായർ) ഇവർ പത്രാധിപരായിരിക്കുന്ന കാലഘട്ടമായിരുന്നു.
പാരലൽ റോഡ്, ലവൽ ക്രോസ്, ഓവർ ബ്രിഡ്ജ്, തുരങ്കത്തിലെ സുന്ദരി, പ്രസവവാർഡ്, ബ്രഹ്മരക്ഷസ്, ചുവന്ന കൈകൾ തുടങ്ങിയവ… പിന്നീട് കോട്ടയത്ത് പ്രസിദ്ധീകരണങ്ങൾ വർദ്ധിച്ചപ്പോൾ ഒരേ സമയത്തു തന്നെ പുഷ്പനാഥ്, വിവിധ വാരികകളിൽ മുടങ്ങാതെ എഴുതി.
അപസർപ്പക നോവൽ വായനക്കാരെ സംഭ്രമത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു കാലഘട്ടം….
ചുവന്ന നീരാളി, ദി മർഡർ, കർദ്ദിനാളിന്റെ മരണം, ബ്ലാക്ക് ഡ്രാഗൺ, ചുവന്ന മനുഷ്യൻ, റെഡ് റോബ്, ഓവർ ബ്രിഡ്ജ്, ദി ഡെവിൾസ്, മരണം പതിയിരിക്കുന്ന താഴ് വര, ബ്രഹ്മരക്ഷസ്, ദി മർഡർ, കാർട്രിഡ്ജ് തുടങ്ങി മുന്നൂറോളം കൃതികൾ.
മലയാളിയുടെ വായനക്ക് വ്യത്യസ്ത ആസ്വാദന പകർന്ന കോട്ടയം പുഷ്പനാഥ് ഓർമ്മയായിട്ട് ഇന്ന് 8 വർഷം (2018 മേയ് 2)
വിജയൻ ന്യൂസ്പ്രിന്റ് നഗർ

