മലയാളത്തിലെ പുതു തലമുറ സംഗീത സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനാണ് എം. ജയചന്ദ്രൻ. ഗായകനെന്ന നിലയിലും ടി.വി. മ്യൂസിക് റിയാലിറ്റിഷോ ജൂറി പാനലിസ്റ്റായും ഇദ്ദേഹം മലയാളികൾക്കു സുപരിചിതനാണ്.
മികച്ച സംഗീത സംവിധാനത്തിനുള്ള 2015-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം എം. ജയചന്ദ്രൻ നേടി. “കാത്തിരുന്ന് കാത്തിരുന്നു…” എന്ന ‘എന്ന് നിന്റെ മൊയ്തീൻ‘ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്. സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഒമ്പതു തവണ ജയചന്ദ്രൻ നേടി.
തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നായരുടേയും സുകുമാരിയുടേയും മകനായി 1971 ജൂൺ 14 -നു ജനനം. ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ മധുസൂദനൻ നായർ നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെന്നുള്ളതു കൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. അഞ്ചാം വയസ്സു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. മുല്ലമൂട് ഭാഗവതർ ഹരിഹര അയ്യർ ആയിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനു ശേഷമാണ് ബന്ധു കൂടിയായ നെയ്യാറ്റിൻകര എം കെ മോഹനചന്ദ്രനെ ഗുരുവായി സ്വീകരിച്ചു.
അദ്ദേഹത്തിന്റെ കീഴിൽ രണ്ടു പതിറ്റാണ്ടോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അവിചാരിതമായി സണ്ണി വൽസലത്തെ പരിചയപ്പെടുകയും ആ പരിചയം അദ്ദേഹത്തിന്റെ കീഴിൽ പാശ്ചാത്യ സംഗീതം അഭ്യസിക്കുന്നുണ്ട്. ആ കാലത്ത് തന്നെ വിൽസണ്‍ സിംഗിന്റെ കീഴിൽ നിന്നും ഓർഗൻ അഭ്യസിച്ചു. സ്കൂളിൽ പഠിച്ചിരുന്ന സമയം കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീത, ലളിത സംഗീത മത്സരങ്ങൾക്ക് അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. കോളേജിലും കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം. കേരളാ സർവ്വകലാശാല തലത്തിലുള്ള സംഗീത മത്സരത്തിൽ 1987-1990 കാലത്ത് പ്രധാന സമ്മാനങ്ങൾ ജയചന്ദ്രനും ശങ്കരൻ നമ്പൂതിരിയും ശ്രീവത്സൻ ജെ. മേനോനും പങ്കിട്ടിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് സർവകലാശാല ക്വയറുമായി ബന്ധപ്പെട്ട് എം ബി ശ്രീനിവാസനുമായി സഹകരിച്ചു പ്രവർത്തിച്ചു. അദ്ദേഹവുമായുള്ള അടുപ്പം ജയചന്ദ്രനെ സംഗീത സംവിധാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിങ്ങ് പഠനം ആരംഭിച്ച ശേഷവും അദ്ദേഹം സംഗീതാഭ്യസനം തുടർന്നു.
ഗുരുനാഥനായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് വഴി ആകാശവാണിയിൽ നിരവധി ഗാനങ്ങൾ പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. പിൽക്കാലത്ത് ദൂരദർശനിൽ നിരവധി ലളിതഗാനങ്ങൾ സംഗീതം ചെയ്യുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1992-ൽ ഇറങ്ങിയ ‘വസുധ’ എന്ന ചിത്രത്തിൽ പാടുവാനുള്ള അവസരം ജയചന്ദ്രനെ തേടി എത്തി. പെരുമ്പാവൂർ രവീന്ദ്രനാഥിന്റെ സംഗീതത്തിൽ “താഴമ്പൂ കുടിലിന്റെ” എന്ന് തുടങ്ങുന്ന ഗാനം ചിത്രയ്ക്കൊപ്പമാണ് അന്ന് ആലപിച്ചത്. പിന്നീട് ‘അഥർവ്വം’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ “പൂവായ് വിരിഞ്ഞൂ” എന്ന ഗാനത്തിന്റെ തെലുങ്ക് വെർഷൻ ആലപിച്ചു. ആ സമയത്ത് ചിത്രയുടെ ഉടമസ്ഥതയിലുള്ള ‘ഓഡിയോട്രാക്സ്’ എന്ന സ്റ്റുഡിയോയിൽ ധാരാളം ലളിതഗാനങ്ങൾക്കും ആൽബങ്ങൾക്കും ജയചന്ദ്രൻ സംഗീതം നൽകുകയും ഓർക്കസ്ട്രേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പകാലത്തു തന്നെ ദേവരാജൻ മാഷുമായി ബന്ധം സ്ഥാപിക്കുകയും ‘എന്റെ പൊന്നു തമ്പുരാൻ‘ എന്ന ചിത്രത്തിൽ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുവാനും അവസരം നേടി. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം പകർന്ന ‘അക്ഷരം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതമോരുക്കിയത് എം ജയചന്ദ്രനായിരുന്നു. അതിന്റെ റെക്കോർഡിംഗ് വേളയിൽ പ്രസാദ് 70 എം എം സ്റ്റുഡിയോയിൽ വച്ചാണ് അദ്ദേഹം ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് ജയചന്ദ്രനെ ഒരു സ്വതന്ത്ര സംഗീത സംവിധായകനാക്കി.
‘ചന്ത’ (1995) എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഈ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ അടുത്തു തന്നെ ഷാജൂണ്‍ കാര്യാലിന്റെ ‘രജപുത്രൻ’ (1996) എന്ന ചിത്രത്തിനു വേണ്ടി സംഗീതം നല്കി. പിന്നീട് അഞ്ചു വർഷക്കാലം ഈ രംഗത്ത്ഒരു നീണ്ട കാലഘട്ടത്തിലേക്ക് അവസരങ്ങൾ ലഭിച്ചില്ല.
2001-ൽ ‘പുണ്യം‘ എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 2002-ൽ പുറത്തിറങ്ങിയ അനിൽ-ബാബു ദ്വയങ്ങൾ സംവിധാനം ചെയ്ത ‘വാൽക്കണ്ണാടി’യിലെ ഗാനങ്ങൾ എം. ജയചന്ദ്രന്റെ കരിയറിലെ വഴിത്തിരിവായി. യേശുദാസും സുജാതയും ചേർന്നാലപിച്ച “മണിക്കുയിലെ..” എന്ന ഗാനം ഹിറ്റാകുകയും, “അമ്മേ അമ്മേ..” എന്ന ഗാനം ആലപിച്ച മധു ബാലകൃഷ്ണന് ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു.
2003- ൽ ഇറങ്ങിയ ‘ബാലേട്ടൻ‘ സൂപ്പർ ഹിറ്റാകുകയും അതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാകുകയും ചെയ്തതോടെ എം ജയചന്ദ്രൻ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി മാറി. ആ വർഷമിറങ്ങിയ ‘ഗൗരീശങ്കര‘മെന്ന ചിത്രത്തിലെ കണ്ണിൽ മിന്നും എന്ന ഗാനത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. 2004 ൽ ‘പെരുമഴക്കാലത്തിലേയും കഥവശേഷനിലേയും ഗാനങ്ങളിലൂടെ അടുത്ത വർഷവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ വീണ്ടും അദ്ദേഹത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തി, പക്ഷേ അത്തവണ അത് മികച്ച ഗായകനുള്ള പുരസ്കാരമായിരുന്നു! (അനേകം ഗാനങ്ങളുടെ ആലപനവും നിർവഹിച്ചിട്ടുണ്ട്.) അദ്ദേഹത്തിന്റെ തന്നെ സംഗീത സംവിധാനത്തിൽ ‘നോട്ടം’ എന്ന ചിത്രത്തിലെ മെല്ലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുരസ്കാരാർഹമായത്. പിന്നീട്, ജയചന്ദ്രന് പുരസ്ക്കാരങ്ങളുടെ പെരുമഴക്കാലമായിരുന്നു!
2003, 2004, 2007, 2008, 2010, 2012, 2016, 2020, 2021 എന്നീ വർഷങ്ങളിലെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്ക്കാരവും നേടി.
അദ്ദേഹം നിരവധി റിയാലിറ്റി ഷോകളിലെ വിധികർത്താവായിരുന്നു.
‘കരയിലേക്ക് ഒരു കടൽ ദൂരം’ (2010), ‘മാണിക്യക്കല്ല് (2011- അതിഥി താരം), ‘റോക്ക് സ്റ്റാർ’ തുടങ്ങിയ ചില സിനിമകളിൽ അദ്ദേഹം അഭിനയിച്ചുട്ടുണ്ട്.
ഭാര്യ പ്രിയ. ജയചന്ദ്രൻ്റെ മാതാവ് സുകുമാരിയമ്മ തുടങ്ങിയ പ്രശസ്തമായ ക്യാറ്ററിങ്ങ് സ്ഥാപനം ഇപ്പോൾ പ്രിയയാണ് നടത്തുന്നത്. മക്കൾ നന്ദഗോപാൽ, കാർത്തിക് ഗോപാൽ. സഹോദരൻ പ്രകാശ് ചന്ദ്രൻ മികച്ച ഒരു മൃദംഗവാദകനുമാണ്.
ആർ. ഗോപാലകൃഷ്ണൻ
കടപ്പാട്: പ്രിൻ്റ് /ഓൺലൈൻ മീഡിയകൾ

