ഇന്ത്യയിൽ ഗർഭാശയമുഖ അർബുദം (Cervical Cancer) മുൻകൂട്ടി കണ്ടെത്തുന്നതിനായി നിർമ്മിച്ച ആദ്യത്തെ തദ്ദേശീയ എച്ച്.പി.വി (HPV DNA) ടെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തോടെ വിജയകരമായി വികസിപ്പിച്ചു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന Molbio Diagnostics വികസിപ്പിച്ച ‘ട്രൂനാറ്റ് എച്ച്.പി.വി-എച്ച്.ആർ പ്ലസ്’ (Truenat HPV-HR Plus) എന്ന പരിശോധനാ സംവിധാനമാണ് ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡങ്ങൾ പാലിച്ച് അംഗീകാരം നേടിയത്.
പ്രശസ്തമായ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ഇൻ്റർനാഷണൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ പുതിയ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികച്ച വിജയക്ഷമത വ്യക്തമാക്കുന്നത്. സാധാരണയായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എച്ച്.പി.വി ടെസ്റ്റുകൾ 14 തരം വൈറസ് വകഭേദങ്ങളെയാണ് പരിശോധിക്കുന്നതെങ്കിൽ, ഇന്ത്യൻ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ഗർഭാശയഗള അർബുദങ്ങളിൽ 95 ശതമാനത്തിനും കാരണമാകുന്ന എട്ട് പ്രത്യേക ഹൈ-റിസ്‌ക് വൈറസ് വകഭേദങ്ങളെയാണ് ട്രൂനാറ്റ് ടെസ്റ്റ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അനാവശ്യമായ മറ്റ് വകഭേദങ്ങളെ ഒഴിവാക്കിയത് വഴി 91.5 ശതമാനം കൃത്യതയോടെ ഫലം നൽകാൻ ഈ ടെസ്റ്റിന് സാധിക്കും. ഇത് വഴി താൽകാലികമായ അണുബാധകളെ കാൻസർ ആയി തെറ്റിദ്ധരിക്കുന്നത് തടയാനും രോഗികളിലെ അനാവശ്യമായ ഭയവും തുടർ ചികിത്സാ ചെലവുകളും ഗണ്യമായി ഒഴിവാക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
വിദേശ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ഈ പരിശോധന ലഭ്യമാകും. അത്യാധുനിക ലാബുകളുടെ സഹായമില്ലാതെ തന്നെ ഗ്രാമീണ മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഈ പരിശോധന നടത്താം. അന്താരാഷ്ട്ര പരിശോധനാ രീതികൾക്ക് തുല്യമായ കൃത്യതയും വിശ്വാസ്യതയും ഈ തദ്ദേശീയ ടെസ്റ്റിനുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. സാമ്പിൾ ശേഖരിച്ച് വെറും 60 മിനിറ്റിനുള്ളിൽ കൃത്യമായ മോളിക്യുലാർ പി.സി.ആർ ഫലം നൽകാൻ കഴിയുന്ന ഈ ടെസ്റ്റിൻ്റെ കെമിക്കലുകൾ സാധാരണ ഊഷ്‌മാവിൽ കേടുകൂടാതെ സൂക്ഷിക്കാം എന്നതും വലിയൊരു നേട്ടമാണ്.
കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ ബിരാക് പദ്ധതിയുടെയും ഗേറ്റ്സ് ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. എയിംസ് ഡൽഹി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥാപനങ്ങൾ, ഫ്രാൻസിലെ ഐ.എ.ആർ.സി എന്നിവടങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞർ ആയിരത്തിലധികം സാമ്പിളുകൾ മൾട്ടിസെൻ്റർ ക്ലിനിക്കൽ ട്രയൽസ് വഴി പരിശോധിച്ചാണ് ഇതിന്റെ ഗുണനിലവാരം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയത്. 30 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ കൃത്യമായ സ്ക്രീനിങ് ലഭ്യമാക്കുന്നതിലൂടെ ഗർഭാശയഗള അർബുദത്തെ ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാൻ ഈ തദ്ദേശീയ കണ്ടെത്തൽ വലിയ തോതിൽ സഹായിക്കുമെന്ന് എയിംസിലെ പ്രൊഫസർ ഡോ. നീർജ ഭാട്ല ഉൾപ്പെടെയുള്ള വിദഗ്‌ധർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗമായ ഐ.എ.ആർ.സി നിഷ്‌കർഷിക്കുന്ന കടുത്ത ഗുണനിലവാര പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ റെഡ്യൂസ്‌ഡ്-വാലൻസി ടെസ്റ്റ് കൂടിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
Photo courtesy: Molbio Diagnostics’ linkedin Post

