Wednesday, July 29, 2026
Home » റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യു.എസ് സെനറ്റ് പാസാക്കി
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യു.എസ് സെനറ്റ് പാസാക്കി

by Editor

വാഷിങ്ടൺ: റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് (തീരുവ) ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കുന്നതിനുള്ള നിർണായക നടപടികൾ ആരംഭിച്ചു. ജൂലൈ 28-ന് നടന്ന വോട്ടെടുപ്പിൽ 12-നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് ഈ ബില്ലിന്മേലുള്ള പ്രാഥമിക നടപടികൾ പാസാക്കിയത്.

അന്തരിച്ച യുഎസ് സെനറ്ററും റഷ്യൻ വിമർശകനുമായിരുന്ന ലിൻഡ്‌സെ ഗ്രഹാമിന്റെ സ്മരണാർത്ഥം ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026′ എന്നാണ് ഈ ബില്ലിന് പേരിട്ടിരിക്കുന്നത്. റഷ്യൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ, അതിസമ്പന്നർ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന ഷാഡോ ഫ്ളീറ്റുകൾ എന്നിവ ലക്ഷ്യമിട്ടാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ രൂപകൽപന ചെയ്‌തിരിക്കുന്നത്. റഷ്യയുടെ ഊർജ വരുമാന മാർഗങ്ങൾ അടയ്ക്കുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിനുള്ള വ്ളാഡിമിർ പുട്ടിൻ്റെ ശേഷി ദുർബലപ്പെടുത്തുകയാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. കൂടാതെ ഇറാൻ്റെ ഊർജ-ആയുധ മേഖലകൾക്കുള്ള സാമ്പത്തിക സഹായങ്ങൾ തടയുന്നതിനുള്ള നിലവിലുള്ള ഉപരോധ അധികാരങ്ങളും ബിൽ വഴി ദീർഘിപ്പിച്ചിട്ടുണ്ട്.

എങ്കിലും ചില രാജ്യങ്ങൾക്ക് ബില്ലിൽ ഭാഗികമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി 15 ശതമാനത്തിൽ താഴെയായി നിലനിർത്തുകയും അത് പൂർണമായി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ നടപടിയെടുക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ഉയർന്ന താരിഫിൽ നിന്ന് ഇളവ് ലഭിക്കും. പ്രധാനമായും ചില യൂറോപ്യൻ സഖ്യരാജ്യങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം യു.എസിലെ ചില ഡെമോക്രാറ്റിക് നേതാക്കൾ ബില്ലിലെ അതിരുകടന്ന താരിഫ് വ്യവസ്ഥകളിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ്റിന് ഇത്തരം അമിത അധികാരം നൽകുന്നത് അമേരിക്കയിലെ സാധാരണ ഉപയോക്താക്കൾക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ആഗോള സഖ്യകക്ഷികളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സെനറ്റിൽ വലിയ ഭൂരിപക്ഷത്തോടെ പാസായെങ്കിലും ഈ ബിൽ ഉടനടി നിയമമാകില്ല. ബിൽ ഇനി യുഎസ് ജനപ്രതിനിധി സഭ (House of Representatives) കൂടി പാസാക്കേണ്ടതുണ്ട്. നിലവിൽ സഭ ഓഗസ്റ്റ് അവധിയിലായതിനാൽ സെപ്റ്റംബറിലേ ഇത് പരിഗണിക്കാൻ സാധ്യതയുള്ളൂ. ഇരുസഭകളും പാസാക്കിയ ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ മാത്രമേ ഇത് അന്തിമ നിയമമായി മാറൂ.

ഈ ബിൽ നിയമമായാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയുമാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ്. വസ്ത്രങ്ങൾ, മരുന്നുകൾ, ഐടി സേവനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഇന്ത്യ യുഎസിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത്. ഇവയ്ക്ക് 100% നികുതി ചുമത്തിയാൽ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിലയിരട്ടിയാകുകയും ഇന്ത്യൻ കയറ്റുമതി മേഖല പൂർണ്ണമായി തകരുകയും ചെയ്യും. അതുമാത്രമല്ല യുഎസ് ഉപരോധം ഭയന്ന് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയും പണപ്പെരുപ്പവും കുതിച്ചുയരാനും സാധ്യതയുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!