Wednesday, July 29, 2026
Home » സംഘർഷം രൂക്ഷം: സുരക്ഷാ സേനയുടെ വെടിവെപ്പിൽ പാക് അധീന കാശ്മീരിൽ നിരവധി മരണം
പാക് അധീന കാശ്മീരിൽ സംഘർഷം

സംഘർഷം രൂക്ഷം: സുരക്ഷാ സേനയുടെ വെടിവെപ്പിൽ പാക് അധീന കാശ്മീരിൽ നിരവധി മരണം

by Editor

റാവൽക്കോട്ട്: പാക് അധീന കശ്മീരിൽ (PoK) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ വൻ സംഘർഷത്തിലും വെടിവെപ്പിലും 20 പേർ കൊല്ലപ്പെടുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് അധീന കശ്മീരിലെ റാവൽക്കോട്ട് ഡ്രെയ്ക് എയ്റ്റ്ത്ത് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കടുത്ത അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് ജനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ സുരക്ഷാ സേന നേരിട്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക് അധീന കശ്മീരിൽ (PoK) തിരഞ്ഞെടുപ്പ് ഘട്ടങ്ങളായാണ് നടക്കുന്നത്. 53 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ജൂലൈ 27 മുതൽ ഓഗസ്റ്റ് 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 27 തിങ്കളാഴ്ച മിർപൂർ ഡിവിഷനിലെ 13 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു. ഓഗസ്റ്റ് 2-ന് മുസാഫറബാദ് ഡിവിഷനിലും അഭയാർത്ഥി മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. പൂഞ്ച് ഡിവിഷനിൽ ഓഗസ്റ്റ് 10-ന് ആണ് തിരഞ്ഞെടുപ്പ്.

തിങ്കളാഴ്ച മിർപൂരിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ വ്യാപകമായ അട്ടിമറിയും കള്ളവോട്ടും നടന്നതായി പ്രാദേശിക ജനങ്ങൾ ആരോപിക്കുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി.) 14 പ്രവർത്തകർ പൊലീസ് വെടിവെപ്പിൽ മരിച്ചതായി സംഘടനാ വക്താക്കൾ സ്ഥിരീകരിച്ചു. സംഘടനയുടെ സ്ഥാപകാംഗവും പ്രമുഖ നേതാവുമായ ഉമർ നസീർ കശ്‌മീരിയുടെ സഹോദരൻ ഉസ്‌മാൻ നസീറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പ്രക്ഷോഭകാരികളാണ് പൊലീസിന് നേരെ ആദ്യം വെടിയുതിർത്തതെന്നാണ് പാക് സൈന്യത്തിന്റെ വാദം.

മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാനെന്ന പേരിൽ പതിനാലായിരത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ് പാക് ഫെഡറൽ സർക്കാർ വിന്യസിച്ചിരിക്കുന്നത്. സംഘർഷ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ മേഖലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രധാന മാധ്യമങ്ങൾക്ക് ഈ വാർത്തകൾ നൽകുന്നതിന് കർശന വിലക്കുണ്ട്.

ജൂൺ മാസം മുതൽ ആരംഭിച്ച വിവിധ സംഘർഷങ്ങളിലായി ഇതുവരെ 80-ലധികം പേർ മരിച്ചതായും, 400-ഓളം പേർക്ക് ജീവൻ നഷ്ടമായെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) അറിയിച്ചു. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി നിയമസഭയിൽ 12 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകൾ വഴി പാക്കിസ്ഥാൻ തങ്ങൾക്ക് താല്പര്യമുള്ളവരെ ഭരണത്തിൽ തിരുകിക്കയറ്റി തദ്ദേശീയരുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നു എന്നാണ് ജനങ്ങളുടെ പ്രധാന പരാതി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്നത് വെറുമൊരു പ്രഹസന തിരഞ്ഞെടുപ്പ് മാത്രമാണെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചു. പാക്കിസ്ഥാന്റെ സാമ്പത്തിക ചൂഷണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഈ പ്രക്ഷോഭങ്ങളെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബലൂചിസ്ഥാനിലെ വിഘടനവാദ പ്രക്ഷോഭങ്ങൾ; പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെ തകർക്കുന്നു, വ്യവസായ ശാലകൾ പൂട്ടിത്തുടങ്ങി.

Send your news and Advertisements

You may also like

error: Content is protected !!