നാഗ്പ്പൂർ: ഇന്ത്യയിൽ 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക ഉത്തരവിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചു. നാഗ്പൂരിൽ നടന്ന ‘ഷുഗർ, എഥനോൾ ആൻഡ് ബയോ എനർജി ഇന്ത്യ’ കോൺഫറൻസിലാണ് അദ്ദേഹം ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ എഥനോളിൽ മാത്രം ഓടുന്ന കാറുകളും ബൈക്കുകളും ഉടൻ നിരത്തിലിറങ്ങും.
ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ചതായും ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയിലുടനീളം ശുദ്ധമായ ജൈവ ഇന്ധനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും നിയമപരമായ വഴിതെളിഞ്ഞതായി നിതിൻ ഗഡ്കരി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭീമമായ 22 ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. കരിമ്പ്, ചോളം, കേടായ ധാന്യങ്ങൾ എന്നിവയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതിലൂടെ രാജ്യത്തെ കർഷകർ ഇനി ‘ഊർജ്ജ ദാതാക്കൾ’ കൂടിയായി മാറും.
100 ശതമാനം എഥനോളിൽ ഓടിക്കാൻ സാധിക്കുന്ന WagonR ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) പ്രോട്ടോടൈപ്പ് മാരുതി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന രണ്ട് ബൈക്ക് മോഡലുകൾ ഹീറോയും വികസിപ്പിച്ചിട്ടുണ്ട്. ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ്, എംജി (MG) തുടങ്ങിയ പ്രമുഖ കമ്പനികൾ അടുത്ത ഒന്നര മാസത്തിനുള്ളിൽ ഇ100 അനുയോജ്യമായ വാഹനങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിലവിലുള്ള സാധാരണ പെട്രോൾ വാഹനങ്ങളിൽ നേരിട്ട് ഇ100 ഉപയോഗിക്കാൻ കഴിയില്ല. ഇതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ (FFVs) ആവശ്യമാണ്. ബിഎസ് 6 (BS6) നിലവാരത്തിലുള്ള പഴയ വാഹനങ്ങളെ എഥനോളിലേക്ക് മാറ്റാൻ സാധിക്കുന്ന പ്രത്യേക കൺവേർഷൻ കിറ്റുകൾ പുറത്തിറക്കാൻ വാഹന നിർമ്മാതാക്കളോട് ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഫോസിൽ എഞ്ചിനുകളിൽ മാറ്റം വരുത്തി ഇ100 ഉപയോഗിക്കാൻ തരത്തിലേക്ക് എത്തിക്കുകയാണ് കമ്പനികൾക്ക് മുന്നിലുള്ള വെല്ലുവിളി. പെട്രോളിനേക്കാൾ ഈർപ്പം ആഗിരണം ചെയ്യാൻ സാധ്യതയുള്ളതിനാൽ എൻജിൻ കാലിബറേഷനിലും ഫ്യുവൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
പുതിയ നീക്കത്തോടെ രാജ്യത്ത് പെട്രോൾ, ഡീസൽ, സിഎൻജി, ഹൈബ്രിഡ്, ഹൈഡ്രജൻ, ഇലക്ട്രിക് എന്നിവയ്ക്ക് പുറമെ ഇ100 ഇന്ധനവും വ്യാപകമാകും. നിലവിൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തിട്ടുണ്ട്. കൂടാതെ 85 ശതമാനം എഥനോൾ അടങ്ങിയ ഇ85 പെട്രോൾ പമ്പുകളും രാജ്യത്ത് ആരംഭിച്ചു. 85 ശതമാനം എഥനോളും ബാക്കി പെട്രോളും ചേർത്ത ഇന്ധനമായിരിക്കും ഇവിടെ ലഭിക്കുന്നത്. സാധാരണ പെട്രോളിനേക്കാൾ ലീറ്ററിന് 20 രൂപയോളം കുറവാണ് ഇവയ്ക്ക് ഈടാക്കുന്നത്.

