Sunday, June 14, 2026
Home » 2027 ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16-നു തുടക്ക‌മാവും.
2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

2027 ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16-നു തുടക്ക‌മാവും.

by Editor

തിരുവനന്തപുരം: രാജ്യത്തെ സെൻസസ് 2027 നടപടികളുടെ ഭാഗമായി വീട്ടുവിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ (Self-Enumeration) ജൂൺ 16 മുതൽ ജൂൺ 30 വരെ നടക്കും. ഉദ്യോഗസ്‌ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയും. ഈ കാലയളവിൽ ഔദ്യോഗിക Census of India 2027 Portal വഴി പൊതുജനങ്ങൾക്കു നേരിട്ടു വിവരങ്ങൾ നൽകാവുന്നതാണ്. പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളെയും കുടുംബങ്ങളെയും സംബന്ധിച്ച വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താനുള്ള അവസരമാണിത്.

ഈ കാലയളവിൽ പൗരന്മാർ Census Self-Enumeration Portal (se.census.gov.in) സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. വെബ്‌സൈറ്റിൽ സംസ്ഥാനം തിരഞ്ഞെടുത്ത് കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ഒ.ടി.പി (OTP) വഴി ലോഗിൻ ചെയ്യാം. മലയാളം ഉൾപ്പെടെ 15 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ട്. ഒരു മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ ഗിക്കാൻ സാധിക്കൂ. വീട് സ്ഥിതി ചെയ്യുന്ന ജില്ല തിരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കണം. തുട‍ർന്നാണു സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക. വീടുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളും മറ്റ് വിവരങ്ങളും ഉൾപ്പെടുന്ന ആകെ 34 ചോദ്യങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്.

ഓൺലൈൻ സമർപ്പണം വിജയകരമായാൽ മൊബൈലിൽ ഒരു സെൽഫ് എന്യൂമറേഷൻ നമ്പർ (SE ID) ലഭിക്കും. ജൂലൈ 1 മുതൽ 30 വരെ നടക്കുന്ന ഒന്നാം ഘട്ട വീടുവീടാന്തര വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ വീട്ടിൽ എത്തുമ്പോൾ ഈ ഐഡി കൈമാറി വിവരങ്ങൾ സ്ഥിരീകരിച്ചാൽ മതിയാകും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വിവരങ്ങൾ ഡേറ്റബേസിലേക്ക് പോവുകയുള്ളൂ.

കേരളത്തിൽ ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടക്കുക. രണ്ടാംഘട്ടം, 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പും ഒപ്പം ജാതി തിരിച്ചുള്ള വിവരശേഖരണവും നടക്കുക. ഡിജിറ്റൽ സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് സെൻസസ് കൂടിയാണിത്. ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കുമെന്നും വിവരവകാശ നിയമപ്രകാരം പോലും ഇത് ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാനും, ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കാനും Census of India – https://censusindia.gov.in/  സന്ദർശിക്കാവുന്നതാണ്

 

Send your news and Advertisements

You may also like

error: Content is protected !!