കൊളംബോ: കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് 207 യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം (UL606) യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BIA) അടിയന്തരമായി തിരിച്ചിറക്കി. ജൂൺ 12 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഈ സംഭവം നടന്നത്.
വിമാനത്തിൽ 207 യാത്രക്കാരും 16 ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും പൂർണ്ണ സുരക്ഷിതരാണ്. എയർബസ് A330-200 (Airbus A330-200) വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ശ്രീലങ്കയിലെ പ്രാദേശിക മാധ്യമമായ ‘ഡെയ്‌ലി മിറർ’ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനത്തിന് മിന്നലേറ്റ ഉടൻ വലിയൊരു ശബ്ദം കേട്ടു. വിമാനത്തിന്റെ ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയർന്നു. വിമാന ജീവനക്കാർ ഉടനടി സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സുരക്ഷ മുൻനിർത്തി മിന്നലേറ്റ വിമാനം വിശദമായ പരിശോധനകൾക്കായി മെയിന്റനൻസ് ഹാംഗറിലേക്ക് മാറ്റി. തുടർന്ന് യാത്രക്കാർക്കായി ശ്രീലങ്കൻ എയർലൈൻസ് മറ്റൊരു പകരക്കാരൻ വിമാനം ഏർപ്പെടുത്തുകയും, അന്ന് തന്നെ പുലർച്ചെ 05:51 ഓടെ അവർ സിഡ്നിയിലേക്ക് യാത്ര തുടരുകയും ചെയ്തു.

