ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ സൗത്ത് ഹാളിൽ 26കാരനായ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു. 30കാരനായ മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബുകാരനായ ഗുർബജ് സിങാണ് ലണ്ടനിൽ കൊല്ലപ്പെട്ടത്.
ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്ന് ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോളാണ് രണ്ടുപേരെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഗുർഭേജ് സിങ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30 നും ഇടയിൽ പ്രായമുള്ള ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ വിട്ടയച്ചു. ഒരാൾക്ക് ജാമ്യം അനുവദിച്ചു. ഇയാൾ പിന്നീട് കോടതിയിൽ ഹാജരാകണം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

