ന്യൂഡല്‍ഹി: തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ജൂണ്‍ 10, 11 തീയതികളിലായി വെറും 24 മണിക്കൂറിനുള്ളിൽ രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇൻ്റർസെപ്റ്റർ മിസൈലുകളും, ഇന്ത്യൻ നാവികസേനയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത തദ്ദേശീയ നേവൽ ആൻ്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ചുമാണ് വിജയകരമായി ഡിആര്‍ഡിഒ വിക്ഷേപിച്ചത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ പോലും തകർക്കാൻ ശേഷിയുള്ള അത്യാധുനിക പ്രതിരോധ കവചമുള്ള ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഈ നേട്ടത്തോടെ ഇന്ത്യയും അർഹത നേടി. ഇന്ത്യയുടെ ഫേസ്-2 ബിഎംഡി പദ്ധതിയുടെ ഭാഗമായാണ് ശത്രുരാജ്യങ്ങളുടെ ദീർഘദൂര മിസൈലുകളെയും വ്യോമാക്രമണങ്ങളെയും തടയാൻ ശേഷിയുള്ള ഈ സംവിധാനം പരീക്ഷിച്ചത്. അന്തരീക്ഷത്തിന് അകത്തുവെച്ചും പുറത്തുവെച്ചും ശത്രുക്കളുടെ മിസൈലുകളെ തരിപ്പണമാക്കാൻ ഈ മൾട്ടി-ലെയർ പ്രതിരോധ സംവിധാനത്തിന് സാധിക്കും. സങ്കീർണ്ണമായ റഡാർ ശൃംഖലകളും കമാൻഡ് കൺട്രോൾ സിസ്റ്റങ്ങളും സംയോജിപ്പിച്ചു കൊണ്ട് കൃത്രിമമായി സൃഷ്ടിച്ച മിസൈൽ ലക്ഷ്യങ്ങളെ കൃത്യമായി പിന്തുടർന്ന് തകർക്കാൻ ഈ ഇൻ്റർസെപ്റ്റർ മിസൈലുകൾക്ക് കഴിഞ്ഞു.
കടലിലെ ആക്രമണങ്ങളെ ശക്തമായി നേരിടുന്നതിനും നാവികസേനയുടെ ആക്രമണശേഷി വർദ്ധിപ്പിക്കുന്നതിനുമായാണ് പുതിയ ആൻ്റി-ഷിപ്പ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ കൈവരിച്ച ഈ ചരിത്ര വിജയത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വളർന്നുവരുന്ന വ്യോമാക്രമണ ഭീഷണികൾക്കെതിരെ രാജ്യത്തിന് ശക്തമായ സുരക്ഷാ കവചമൊരുക്കാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്‌ഠിതമായ ഈ വിജയങ്ങൾ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ തദ്ദേശീയമായ കരുത്തിൻ്റെ മികച്ച തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

